ഇന്ത്യ-നോ‌ർഡിക് പങ്കാളിത്തം സുവർണ കാലഘട്ടത്തിലേക്ക് : മോദി

Wednesday 20 May 2026 3:36 AM IST

ന്യൂഡൽഹി: ഇന്ത്യ - നോ‌ർഡിക് പങ്കാളിത്തം സുവർണ കാലഘട്ടത്തിലേക്ക് കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. നോർവെ തലസ്ഥാനമായ ഓസ്‌ലോയിൽ സംഘടിപ്പിച്ച മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്ത വാ‌ർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. നോർഡിക് രാജ്യങ്ങളായ ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, നോർവെ, സ്വീഡനുമായുള്ള ഉഭയകക്ഷി വ്യാപാരം 4 മടങ്ങ് വർദ്ധിച്ചു. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഇന്ത്യയിലെ നോർഡിക് രാജ്യങ്ങളുടെ നിക്ഷേപം കഴി‌ഞ്ഞ 10 വർഷത്തിനിടെ 200% വർദ്ധിച്ചു.

സ്വീഡന്റെ നൂതന ഉത്പാദന-പ്രതിരോധ ശേഷി, ഫിൻ‌ലൻഡിന്റെ ടെലികോം-ഡിജിറ്റൽ സാങ്കേതികവിദ്യ, ഡെൻ‌മാർക്കിന്റെ സൈബർ സുരക്ഷ-ആരോഗ്യ സാങ്കേതികവിദ്യ തുടങ്ങിയവ ഇന്ത്യയുടെ കഴിവുകളുമായി സംയോജിപ്പിച്ച് ലോകത്തെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനായി വികസിപ്പിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷമായാലും,​ യുക്രെയിൻ യുദ്ധമായാലും ഈ കൂട്ടായ്‌മ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയോ ഇരട്ടത്താപ്പോ ഇല്ലെന്നും മോദി വ്യക്തമാക്കി. ഉച്ചകോടി ഭംഗിയായി സംഘടിപ്പിച്ച നോർവെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനെ അഭിനന്ദിച്ചു. സുസ്ഥിരത, നവീകരണം, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യകൾ, സമാധാനപരവും സമൃദ്ധവുമായ ഭാവിക്കായുള്ള സഹകരണം ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടന്നു.

ശേഷം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറ്റലിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി അവിടെ പ്രധാനമന്ത്രി ജോർജിയ മെലോനി,​ പ്രസിഡന്റ് സെർജിയോ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. സമുദ്ര ഗതാഗതം, കൃഷി, ഉന്നത വിദ്യാഭ്യാസം, ധാതുക്കൾ ,മ്യൂസിയം സഹകരണം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവയ്ക്കും. 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോ ആയി ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

ലോകനേതാക്കളുമായി കൂടിക്കാഴ്ച

ഐസ്‌ലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റേൺ ഫ്രോസ്റ്റാഡോട്ടിർ, ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, ഡെന്മാർക്കിന്റെ ആക്ടിംഗ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഐസ്‌ലൻഡും ഇന്ത്യയും തമ്മിലുള്ള ജിയോതെർമൽ എനർജി, ഫിഷറീസ്, നൂതന സാങ്കേതിക വിദ്യകൾ, സമ്പദ്‌വ്യവസ്ഥ, സംസ്കാരം, ടൂറിസം, മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്‌തു. വ്യവസായം, ഗവേഷണം, അക്കാഡമിക് മേഖലകളിലെ പരസ്‌പര സഹകരണം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് ഫിൻലൻഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണമാണ് ഡെന്മാർക്കിന്റെ ആക്ടിംഗ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായി മോദി ചർച്ച ചെയ്‌തത്.

നോർഡിക്ക്

ഉത്തര യൂറോപ്പിലെയും വടക്കൻ അറ്റ്ലാന്റിക്കിലെയും രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന മേഖലയാണ് നോർഡിക്ക്. വടക്ക് എന്നണ് നോർഡിക്ക് എന്ന വാക്കിന്റെ അർ‌ത്ഥം. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌‌ലാൻഡ്, നോർവേ,സ്വീഡൻ എന്നിവയാണ് പ്രധാന രാജ്യങ്ങൾ. ഗ്രീൻലൻഡ്, ഫറോസ് ദ്വീപുകൾ, അലാൻഡ് ദ്വീപുകൾ എന്നീ സ്വയംഭരണ പ്രദേശങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു.