വിനേഷ് ഫോഗട്ടിന്റെ അയോഗ്യത: ഗുസ്തി ഫെഡറേഷന് ഹൈക്കോടതിയുടെ വിമർശനം, പുതിയ നിര്‍ദേശമിങ്ങനെ

Friday 22 May 2026 5:10 PM IST

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കിയ നടപടിയിൽ ഗുസ്തി ഫെഡറേഷനെതിരെ രൂക്ഷ വിമർ‌ശനവുമായി ഡൽഹി ഹൈക്കോടതി. വിനേഷിന്റെ കേസ് പരിശോധിച്ച് വിലയിരുത്തുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശവും നൽകി.

മേയ് 18ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം. ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിനെ പങ്കെടുപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പ്രശസ്തരായ കായികതാരങ്ങളെ മത്സരിക്കാൻ അനുവദിക്കുന്ന മുൻകാല രീതികളിൽ നിന്നുള്ള ഫെഡറേഷന്റെ പെട്ടെന്നുള്ള വ്യതിചലനത്തെ നിരീക്ഷിച്ചതായും കോടതി വ്യക്തമാക്കി.

പ്രസവാവധിക്കുശേഷം ഗുസ്തിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഫോഗട്ടിന് ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനായി മെയ് 30, 31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. രാജ്യത്ത് മാതൃത്വം എപ്പോഴും ആഘോഷിക്കപ്പെടാറുള്ളതാണെന്ന് അടിവരയിട്ടു പറഞ്ഞ കോടതി ​ഗുസ്തി ഫെഡറേഷൻ ഒരു കായികതാരത്തോട് പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്നും മുന്നറിയിപ്പ് നൽകി.

ജൂൺ 26 വരെ നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റ് ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് മേയ് ഒൻപതിലെ നോട്ടീസിലൂടെ ഫെഡറേഷൻ വിനേഷ് ഫോഗട്ടിനെ വിലക്കിയിരുന്നത്. നോട്ടീസിൽ ഫോഗട്ടിനെതിരെ അച്ചടക്കലംഘനവും ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനവും ഫെഡറേഷൻ ആരോപിച്ചിരുന്നു. വിരമിക്കലിൽ നിന്ന് തിരിച്ചുവരുന്ന കായികതാരങ്ങൾ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗിന്റെ ആന്റി-ഡോപ്പിംഗ് ചട്ടപ്രകാരം നൽകേണ്ട ആറുമാസത്തെ നിർബന്ധിത നോട്ടീസ് കാലാവധി പൂർത്തിയാക്കുന്നതിൽ താരം പരാജയപ്പെട്ടു എന്നായിരുന്നു ഫെഡറേഷന്റെ വാദം.

മുൻ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണ് വിനേഷ് ഫോഗട്ട്. 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ ബ്രിജ് ഭൂഷണെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ 36 ദിവസം നീണ്ടുനിന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം സമരത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു വിനേഷ് ഫോഗട്ട്.