വൈരാഗ്യം കാട്ടരുത്; വിനേഷ് മത്സരിക്കട്ടെ, ഡൽഹി ഹൈക്കോടതി നിർദ്ദേശം

Saturday 23 May 2026 12:12 AM IST

 മാതൃത്വം പോരായ്‌മയല്ല

ന്യൂഡൽഹി: ‍ വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ റസ്‌ലിംഗ് ഫെഡറേഷനെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി, 30,31 തീയതികളിൽ ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുപ്പിക്കാൻ നിർദ്ദേശിച്ചു.

വിനേഷിന്റെ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെ‌ഞ്ച്. വിനേഷിന്റെ ശാരീരിക ക്ഷമതയും യോഗ്യതയും വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സമിതി രൂപീകരിക്കണം. കായികരംഗത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ നടപടിയാണ് ഫെഡറേഷന്റേത്.

2025 ജൂലായിൽ വിനേഷ് മാതാവായി. ഇപ്പോൾ 2026 മേയ് മാസമായി. മാതൃത്വം കായികതാരത്തിന് പോരായ്‌മയല്ല. മാതൃത്വം ആഘോഷിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. വിനേഷിനെ ലക്ഷ്യമിട്ട് ചട്ടങ്ങളിൽ ഫെഡറേഷൻ മാറ്റം വരുത്തിയോ?​ പ്രശസ്‌ത താരങ്ങൾക്ക് തദ്ദേശ മത്സരങ്ങളിൽ അനുവദിച്ചിരുന്ന കീഴ്‌വഴക്കത്തിൽ നിന്ന് പിന്നാക്കം പോയതിൽ തന്നെ എല്ലാം വ്യക്തമാണ്. വൈരാഗ്യം തീർക്കേണ്ടത് ഇങ്ങനെയല്ലെന്നും കോടതി വിമർശിച്ചു.

പകപോക്കൽ

 വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വിനേഷിന് ഫെഡറേഷൻ ഈമാസമാദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകി. ജൂൺ 26വരെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി

 പാരീസ് ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ശേഷം ഭാരക്കൂടുതൽ കാരണം ഒഴിവാക്കപ്പെട്ടതിലും ഉത്തേജക വിരുദ്ധ നടപടികൾ പാലിക്കാത്തതിനും വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്

 ഇത് വകവയ്ക്കാതെ ഈമാസം 11ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ ദേശീയ ഓപ്പൺ റാങ്കിംഗ് ഗുസ്തി മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിനേഷിനെ സംഘാടകർ വേദിയിൽ പ്രവേശിച്ചില്ല

 ലൈംഗികാതിക്രമ ആരോപണമുയർന്ന ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ വിനേഷ് അടക്കം സമരത്തിനിറങ്ങിയിരുന്നു