മച്ചാ, ആൾ ഈസ് വെൽ !
ടി.വി.കെ മന്ത്രിസഭയിൽ വിജയ്‌യുടെ നൻപൻ ഫിഷറീസ് മന്ത്രി
ചെന്നൈ: ഒപ്പം പഠിച്ച നൻപൻ. കോളേജും കടന്ന് സിനിമയിലേക്ക് പടർന്ന സൗഹൃദം. വിജയ് തമിഴക വെട്രി കഴകം രൂപീകരിച്ചപ്പോൾ സുഹൃത്തും കട്ടയ്ക്ക് നിന്നു. ഇപ്പോഴിതാ വിജയ് മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രി. തൂത്തുക്കുടി എം.എൽ.എ ശ്രീനാഥാണ് ആ തോഴൻ. ചെന്നൈ സ്വദേശിയായ ശ്രീനാഥുമായുള്ള ബന്ധം ലൊയോള കോളേജിൽ നിന്ന് തുടങ്ങുന്നതാണ്.
വോട്ടെണ്ണൽ ദിവസം ടി.വി.കെ സ്ഥാനാർത്ഥികളിൽ ആദ്യം വിജയിച്ചത് ശ്രീനാഥായിരുന്നു. മുൻ മന്ത്രി ഡി.എം.കെയിലെ പി.ഗീതാ ജീവനെയാണ് പരാജയപ്പെടുത്തിയത്. വിജയ് നായകനായി 1992ൽ പുറത്തിറങ്ങിയ നാളെയാ തീർപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനാഥിന്റെ സിനിമാ പ്രവേശം. വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിലും ശ്രീനാഥിന്റെ വേഷം വിജയിന്റെ സുഹൃത്തിന്റേതായിരുന്നു. അവസാന ചിത്രമായ ജനനായകനിലും അഭിനയിച്ചു. വിജയ് സിനിമാ ജീവിതത്തോട് 'കട്ട് ' പറപ്പോൾ ശ്രീനാഥും 'കട്ട്' പറഞ്ഞു. സംവിധായകൻ ജീവയുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു.
2009ൽ പുറത്തിറങ്ങിയ മുദ്ര, 2014ൽ പുറത്തിറങ്ങിയ 'വള്ളവനുക്കു പുല്ലും ആയുധം' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. എന്ത് ജോലി ലഭിച്ചാലും ഉത്സാഹത്തോടെ ചെയ്യുന്നവനാണ് ശ്രീനാഥ് എന്നാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ശ്രീനാഥിനെ കുറിച്ചു പറയുന്നത്. ഒരു തോഴനായി നൻപനായി തലൈവർക്ക് ദളപതിയായി ഇനി കഴിയും എന്ന് അദ്ദേഹവും പറഞ്ഞു.
സുഹൃത്ത് മുതൽ നേതാവ് വരെയായ വിജയ് യിൽ നിന്ന് ഏറെ പഠിച്ചു. കോളേജ് കാലത്ത് നിന്ന്, സിനിമയിലേക്കും ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്കും നീളുന്നു ആ പുതിയ പാഠങ്ങൾ.
ശ്രീനാഥ്
ഫിഷറീസ് മന്ത്രി
തമിഴ്നാട്