ഭോജ്ശാല തർക്കം: സുപ്രീംകോടതിയിൽ ഹർജി
Saturday 23 May 2026 1:50 AM IST
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഭോജ്ശാല ക്ഷേത്രം- കമൽ മൗല മസ്ജിദ് തർക്കം സുപ്രീംകോടതിക്ക് മുന്നിൽ. തർക്കമേഖല ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്ന സ്ഥലമാണെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേസിലെ കക്ഷിയായ ഖാസി മൊയ്‌നുദ്ദിനാണ് പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് കൂട്ടായ്‌മ തുടങ്ങിയവരാണ് എതിർകക്ഷികൾ. മുസ്ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ക്ഷേത്രമേഖലയാണെന്ന ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിനെയും ഹർജിക്കാരൻ ചോദ്യംചെയ്‌തു. സരസ്വതി ക്ഷേത്രമാണ് ഭോജ്ശാലയെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, അതല്ല കമൽ മൗല എന്ന മസ്ജിദാണെന്ന് മറുവിഭാഗം പറയുന്നു.