വി.സി.കെയും ലീഗും വിജയ് മന്ത്രിസഭയിൽ, ഡി.എം.കെയ്ക്ക് അമർഷം; സംയമനം വേണമെന്ന് സ്റ്റാലിൻ

Saturday 23 May 2026 1:11 AM IST

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന വി.സി.കെയും മുസ്ലിംലീഗും ടി.വി.കെ മന്ത്രിസഭയുടെ ഭാഗമായതോടെ

അമർഷത്തിൽ ഡി.എം.കെ നേതാക്കൾ. ഇരുപക്ഷവും വാക്പോര് തുടരുന്നതിനിടെ ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ തന്നെ സമാധാനാഹ്വാനവുമായി രംഗത്തെത്തി. വി.സി.കെയെ ലക്ഷ്യമിട്ട് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദമായി.

'അയൽക്കാരന്റെ പറമ്പിലേക്ക് ചാഞ്ഞ് അവർക്ക് തേങ്ങ നൽകുന്ന തെങ്ങിനെപ്പോലെയുള്ളവർക്ക് എന്ത് പേരാണ് നൽകേണ്ടത്' എന്നായിരുന്നു പരാമർശം.

സാഹിത്യത്തിൽ അതിനെ മുറ്റത്തെങ്ങ് എന്ന് വിളിക്കും. രാഷ്ട്രീയത്തിൽ എന്ത് പേരാണ് നൽകേണ്ടത്.' രാജ എക്സിൽ കുറിച്ചു.

ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ വി.സി.കെ, തങ്ങൾ മറ്റ് പാർട്ടികളുടെ ഔദാര്യം കൊണ്ടല്ല വളർന്നതെന്ന് ആവർത്തിച്ചു. തങ്ങളുടെ വിയർപ്പും ചോരയുമാണ് അടിച്ചമർത്തപ്പെട്ടവരുടെ വോട്ട് ബാങ്ക് നിലനിറുത്തിയതെന്നും സഖ്യകക്ഷികളുടെ വിജയത്തിന് സഹായിച്ചതെന്നും പാർട്ടി അവകാശപ്പെട്ടു.

'പാർട്ടി മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ മറ്റ് പാർട്ടികൾക്ക് എന്ത് അവകാശമാണുള്ളത്? കോൺഗ്രസിനെ പരാജയപ്പെടുത്താൻ സംഘപരിവാറുമായി (ബി.ജെ.പി) സഖ്യമുണ്ടാക്കിയ ചരിത്രം ആരുടേതാണ്? വാജ്‌പേയി മന്ത്രിസഭയിൽ അംഗമായ ശേഷം അതേ ബി.ജെ.പിയെ എതിർത്തത് ആരുടെ സ്വാർത്ഥതയാണ്? തമിഴ്നാട് ഇത്തരം നിരവധി രാഷ്ട്രീയ നാടകങ്ങൾ കണ്ടിട്ടുണ്ട്.' വി.സി.കെ 'എക്സി'ൽ കുറിച്ചു.

അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടാതെ മിതത്വം പാലിക്കണമെന്ന് സ്റ്റാലിൻ ഇരുപക്ഷത്തോടും നിർദ്ദേശിച്ചു. ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാനാണ് ടി.വി.കെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങളുടെ 'സ്വതന്ത്രമായ' തീരുമാനത്തെക്കുറിച്ച് സ്റ്റാലിന് അറിവുണ്ടായിരുന്നുവെന്നും വി.സി.കെയും മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിരുന്നു. തിണ്ടിവനം മണ്ഡലത്തിൽനിന്ന് വിജയിച്ച വി.സി.കെ നേതാവ് വണ്ണി അരശു, പാപനാശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലീഗ് നേതാവ് എ.എം. ഷാജഹാൻ എന്നിവരാണ് വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ഷാജഹാനെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായും വണ്ണി അരശുവിനെ സാമൂഹിക നീതി മന്ത്രിയായും നിയമിച്ചു.

ഡി.എം.കെ മുന്നണിയിൽ മത്സരിച്ച പാർട്ടികളിൽ സി.പി.ഐയും സി.പി.എമ്മും ടി.വി.കെ സർക്കാരിനെ പിന്തുണ നൽകിയെങ്കിലും മന്ത്രിസഭയിൽ ചേർന്നിട്ടില്ല. ഒരു അംഗം മാത്രമുള്ള ‌ഡി.എം.ഡി.കെ ഇപ്പോഴും അണ്ണാ ‌ഡി.എം.കെ മുന്നണിയിലാണ്.