പ്രചാരണത്തിനിടെ മോദി കയറി, ബംഗാളിലെ കടക്കാരന് വധഭീഷണി

Saturday 23 May 2026 12:42 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ലഘുഭക്ഷണ കടയിൽ കയറിയ വാർത്ത വൈറലായിരുന്നു. ആ കടയുടമയ്ക്ക് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വധഭീഷണി. ജാർഗ്രാം സ്വദേശിയായ വിക്രം സൗവിനാണ് ഭീഷണി സന്ദേശമെത്തിയത്. കുറച്ചു ദിവസങ്ങളായി നിരന്തരം ഫോൺ വീഡിയോ കോളുകൾ വരുന്നുണ്ടെന്ന് വിക്രം പറയുന്നു. കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്നും ബോംബിടുമെന്നുമൊക്കെ ഭീഷണിയുയരുന്നു. വീഡിയോ കോളിൽ വരുന്നവർ ആദ്യം ആശംസ പറയും. പിന്നീട് ഭീഷണിപ്പെടുത്തുന്ന ആംഗ്യങ്ങൾ കാണിക്കുകയും കൊല്ലുമെന്ന് പറയുകയും ചെയ്യുന്നുവെന്ന് വിക്രം പറയുന്നു.

ജാർഗ്രാം പ്രദേശമാകെ ഇതോടെ പരിഭ്രാന്തിയിലായി. വിക്രത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 19ന് പൊതുയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മോദി ജാർഗ്രാമിലെ വിക്രമിന്റെ കടയിൽ കയറിയത്.

ബംഗാളിലെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ജാൽമുരിയും മോദി വാങ്ങി കഴിച്ചിരുന്നു. ഇതോടെ വിക്രവും കടയും പ്രശസ്തമായി. അടുത്തിടെ നടന്ന വിദേശ പര്യടനത്തിനിടെ നെതർലൻഡ്സിൽ വച്ചും മോദി ഈ സംഭവം പരാമർശിച്ചിരുന്നു.