നുഴഞ്ഞുകയറ്റം തടയാൻ പദ്ധതി അതിർത്തികൾ 'സ്മാർട്ട് ' ആകും
ന്യൂഡൽഹി: നുഴഞ്ഞുകയറ്റം തടയാൻ ലക്ഷ്യമിട്ട് അതിർത്തി പൂർണമായും 'സ്മാർട്ട്" ആക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന 'സ്മാർട്ട് ബോർഡർ" പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാകിസ്ഥാനുമായും ബംഗ്ലാദേശുമായുള്ള 6,000 കിലോമീറ്റർ അതിർത്തിയിലാണ് നടപ്പാക്കുക. ഡ്രോണുകളും റഡാറുകളും സ്മാർട്ട് ക്യാമറകളും സമന്വയിപ്പിച്ചുള്ള സുരക്ഷ ഒരുക്കും. അടുത്ത വർഷം ബി.എസ്.എഫിന്റെ 60-ാം സ്ഥാപക വർഷത്തിൽ പദ്ധതി ആരംഭിക്കുമെന്നും ഷാ പറഞ്ഞു.
ബി.എസ്.എഫിന്റെ ആദ്യ ഡയറക്ടർ ജനറൽ റുസ്തംജി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികൾ ആർക്കും കടക്കാനാവാത്ത വിധം ദൃഢമാക്കും. രാജ്യത്തുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും. പ്രശ്നത്തെ അതിന്റെ വേരുകളിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് സുരക്ഷയിലേക്കുള്ള യഥാർത്ഥ സമീപനം. നുഴഞ്ഞുകയറ്റത്തിനെതിരെയും ബി.എസ്.എഫ് അതേ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണം. മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ അതിർത്തി സുരക്ഷയിൽ പൂർണമായ പരിവർത്തനം വരും. സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് സൈനികരുടെ ഉത്തരവാദിത്വം കുറയ്ക്കുന്നില്ല"- അദ്ദേഹം പറഞ്ഞു.
നീരീക്ഷണം ശക്തമാക്കണം
അതിർത്തിഗ്രാമങ്ങളിൽ പുതുതായി എത്തുന്നവരെ ബി.എസ്.എഫ് നിരീക്ഷിക്കണം. ഇതിനായി
ഉദ്യോഗസ്ഥർ, പ്രാദേശിക പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ആശയവിനിമയം സ്ഥാപിക്കണം.
നുഴഞ്ഞുകയറ്റം നടക്കുന്ന വഴികൾ ഓരോന്നായി തിരിച്ചറിഞ്ഞ് പൂർണമായും അടച്ചുപൂട്ടണം
ഇന്ത്യയുടെ ജനസംഖ്യയെ കൃത്രിമമായി മാറ്റാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തണം
ഭൂമി വിട്ടുകൊടുത്തു
ബംഗ്ളാദേശ് അതിർത്തിയിലെ വേലികെട്ടൽ വേഗത്തിലാക്കാൻ ബംഗാളിലെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബി.എസ്.എഫിന് 27 കിലോമീറ്റർ ഭൂമി വിട്ടുകൊടുത്തിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ത്രിപുര, ബംഗാൾ, അസാം സംസ്ഥാന സർക്കാരുകൾ നുഴഞ്ഞുകയറ്റം തടയാനുള്ള നടപടിയെടുത്തു കഴിഞ്ഞു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തര മന്ത്രാലയം ഉടൻ ചർച്ച നടത്തും.
-അമിത് ഷാ