പാറ്റ പാർട്ടി രാജ്യ സുരക്ഷയ്ക്ക് ഭീഷണി
പാറ്രകൾ നാളെ ബംഗളൂരുവിൽ ഇറങ്ങിയേക്കും
പാകിസ്ഥാനിലേക്കും വ്യാപിപ്പിക്കുന്നു
ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സി.ജെ.പി ആദ്യം രൂപീകരിച്ച എക്സ് അക്കൗണ്ട് പൂട്ടിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പിന്നാലെ മറ്റൊരു എക്സ് അക്കൗണ്ട് തുറന്നിരുന്നു. സി.ജെ.പിയുടെ ഇൻസ്റ്റ പേജിന്റെ ഫോളോവേഴ്സ് രണ്ടുകോടി കവിഞ്ഞിരിക്കുകയാണ്. എക്സ്, ഇൻസ്റ്റാ അക്കൗണ്ടുകൾ രാജ്യത്ത് വിലക്കിയേക്കും. നിരോധിച്ചാൽ ബാക്ക് അപ്പ് ഇൻസ്റ്രാഗ്രാം അക്കൗണ്ട് തയ്യാറാക്കി വച്ചിരിക്കുകയാണ്. അതിന്റെ ലിങ്ക് എക്സിൽ പോസ്റ്ര് ചെയ്തു. പാർട്ടി പാകിസ്ഥാനിലേക്ക് വിപുലീകരിക്കുകയാണെന്ന റിപ്പോർട്ടുകളും വന്നു. പാർട്ടിയുടെ ആദ്യ പരിപാടി നാളെ ബംഗളൂരുവിൽ നടക്കുമെന്ന സൂചനകൾക്കിടെ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്. നേപ്പാൾ മാതൃകയിൽ ജെൻസി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമോയെന്നും നിരീക്ഷിച്ചുവരുന്നു. സമാധാനപരമായ മനുഷ്യചങ്ങല തീർക്കാൻ നാളെ ബംഗളൂരു ടൗൺ ഹാളിന് സമീപം സംഘടിക്കണമെന്ന് അഭ്യർത്ഥിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. കർണാടക ഘടകത്തിന്റേതെന്ന നിലയിലാണ് സന്ദേശങ്ങൾ.എന്നാൽ അങ്ങനെയൊരു പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജനങ്ങൾക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിനിടെ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ക്യാമ്പയിനും അവർ തുടക്കമിട്ടു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്നലെ നടത്തിയ ആഹ്വാനം ഇൻസ്റ്റയിൽ ഇതുവരെ കണ്ടത് 22 ലക്ഷം പേരാണ്. https://petition.cockroachjantaparty.org/sack/ എന്ന വെബ്സൈറ്റിൽ കയറി ഇതുവരെ ഒപ്പിട്ടത് നാലര ലക്ഷത്തിലധികം പേർ. ധർമ്മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന് യൂത്ത് കോൺഗ്രസും ഒപ്പ് ശേഖരണം തുടങ്ങി.
വധഭീഷണി
യു.എസിലെ ബോസ്റ്റൺ സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് പി.ജി വിദ്യാർത്ഥിയാണ് പാർട്ടി സ്ഥാപകനായ അഭിജീത് ദീപ്കെ. വാട്സാപ്പ് മുഖേന വധഭീഷണിയെത്തുന്നുവെന്ന് അഭിജീത് എക്സ് അക്കൗണ്ടിൽ കുറിച്ചു.
പണം തരാമെന്നും സി.ജെ.പി പ്രവർത്തനം അവസാനിപ്പിച്ച് ബി.ജെ.പിയിൽ ചേരാനും സമ്മർദ്ദം ചെലുത്തുന്നു. അമേരിക്കയിലാണെങ്കിലും അവിടെ കൊല്ലപ്പെടുമെന്നാണ് ഭീഷണി. വലിയ ആശങ്കയോടെയാണ് അഭിജിതിന്റെ മാതാപിതാക്കളായ ഭഗവാനും അനിത ദീപ്കെയും മഹാരാഷ്ട്ര ഛത്രപതി സാംഭാജി നഗറിലെ വീട്ടിൽ കഴിയുന്നത്.
താനിതിനെ പിന്തുണയ്ക്കുന്നില്ലെന്ന് മാതാവ് പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണ് ഫോളോവേഴ്സിൽ ഏറെയുമെന്ന് ബി.ജെ.പി ആരോപിച്ചു. എക്സ് അക്കൗണ്ട് വിലക്കിയതിനെ ശശി തരൂർ എം.പി അപലപിച്ചു.