കർണാടകയിലെ നേതൃമാറ്റം സിദ്ധരാമയ്യ മാറും, ഹൈക്കമാൻഡ് ഡി.കെ ശിവകുമാറിനൊപ്പം ശക്തമായി വാദിച്ച് പ്രിയങ്ക

Wednesday 27 May 2026 12:07 AM IST

ന്യൂഡൽഹി: കർണാടകയിലെ അധികാര വടംവലി അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് രാജിവയ്‌ക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. ഇന്നലെ ഡൽഹിയിൽ സിദ്ധരാമയ്യ,മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ഏറെനാളായി കലാപക്കൊടി ഉയർത്തുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആറ് മണിക്കൂർ ചർച്ച നടത്തി.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ പ്രിയങ്കാ ഗാന്ധി ശക്തമായി വാദിച്ചെന്നാണ് വിവരം. ഭരണവിരുദ്ധ തരംഗം മറികടന്ന് 2028ലെ തിരഞ്ഞെടുപ്പിൽ കർണാടകയിൽ പാർട്ടിക്ക് വിജയമുറപ്പിക്കാൻ ശിവകുമാർ നയിക്കണമെന്നാണ് പ്രിയങ്ക വാദിച്ചത്. ദളിത് നേതാവായ സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാംഗത്വവും ഡൽഹി കേന്ദ്രമാക്കി വലിയ ചുമതലകളും വാഗ്ദാനം ചെയ്‌തു.

ചർച്ച ചെയ്‌തില്ലെന്ന്

വേണുഗോപാൽ

കർണാടകയിലെ നേതൃമാറ്റം ചർച്ച ചെയ്‌തില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാനാണ് ഇരുവരെയും വിളിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദം ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയ‌്ക്കും ശേഷം ശിവകുമാറിനും നൽകുമെന്ന ഫോർമുലയാണ് ഹൈക്കമാൻഡ് ആവിഷ്‌കരിച്ചത്. എന്നാൽ,രണ്ടരവർഷം കഴിഞ്ഞിട്ടും സിദ്ധരാമയ്യ ഒഴിയാതിരുന്നതോടെ ശിവകുമാർ കലാപം തുടങ്ങുകയായിരുന്നു.