അനധികൃത കുടിയേറ്റം ജനസംഖ്യാ മാറ്റം പഠിക്കാൻ സമിതി: അമിത് ഷാ

Wednesday 27 May 2026 12:09 AM IST

ന്യൂഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റവും ഇതുമൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങളും പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ, ഗോത്രവർഗ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് വലിയ വെല്ലുവിളിയാണെന്നതിനാലാണ് നടപടി. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് ഷാ എക്സിൽ കുറിച്ചു. റിട്ട. ജഡ്ജി പ്രകാശ് പ്രഭാകർ നവോലേക്കർ അദ്ധ്യക്ഷനായ സമിതിയിൽ സെൻസസ് കമ്മിഷണർ, മുൻ ഐ.എ.എസ് ഓഫീസർ ദുർഗ ശങ്കർ മിശ്ര, മുൻ ഐ.പി.എസ് ഓഫീസർ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. ഷാമിക രവി എന്നിവർ അംഗങ്ങളായിരിക്കുമെന്ന് ഷാ പറഞ്ഞു.

മതപരവും സാമൂഹികവുമായ വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെ വിശകലനം ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല. കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ സമിതി സർക്കാരിന് മുൻപാകെ സമർപ്പിക്കും.