അറഫാ സംഗമം പൂർത്തിയായി

Wednesday 27 May 2026 1:00 AM IST

 കേരളത്തിൽ ബലിപ്പെരുന്നാൾ നാളെ

മക്ക: പാപങ്ങൾ അല്ലാഹുവിന് മുന്നിൽ കഴുകികളഞ്ഞ് തെളിഞ്ഞ മനസോടെ ഹജ്ജിന്റെ സുപ്രധാനമായ അറഫാ സംഗമം പൂർത്തിയാക്കി തീർത്ഥാടക ലക്ഷങ്ങൾ. ഗൾഫ് രാജ്യങ്ങളിലടക്കം ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കേരളത്തിൽ നാളെയാണ് ആഘോഷം.

പ്രവാചകൻ മുഹമ്മദ് നബിയുടെ അറഫാ പ്രഭാഷണത്തെ അനുസ്മരിപ്പിച്ച് മസ്ജിദുന്നബവിലെ ഇമാം ഡോ.അലി ബിൻ അബ്ദുറഹ്മാൻ അൽഹുദൈഫി പ്രത്യേക ഖുതുബ നിർവഹിച്ചു. ആരാധനകളുടെ യഥാർത്ഥ ചൈതന്യം കൈവരുന്നത് ഹൃദയ ഭക്തിയിലൂടെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശേഷം അറഫയിലെ തമ്പുകളിലും താഴ്വരകളിലും ജബലുറഹ്മയിലുമെത്തി തീർത്ഥാടകർ പാപമോചന പ്രാർത്ഥനകളിൽ മുഴുകി.

സൂര്യാസ്തമയത്തോടെ മിനായിലേക്ക് പുറപ്പെട്ട തീർത്ഥാടകർ ഇടത്താവളമായ മുസ്ദലിഫയിൽ രാപ്പാർത്തു. മിനായിൽ പിശാചിന്റെ പ്രതീകമായ മൂന്ന് ജംറകളിൽ എറിയാനുള്ള ചെറുകല്ലുകളും ശേഖരിച്ചു. ഇന്ന് സുബ്ഹി നമസ്‌കാര ശേഷം തീർത്ഥാടകർ മിനായിലെത്തും. ജംറത്തുൽ അഖ്ബയിലെ കല്ലേറിനു ശേഷം ബലിയർപ്പണം നടത്തും. മുടി നീക്കി കുളിച്ച് ഇഹ്രാം വേഷം മാറ്റി പുതുവസ്ത്രമണിഞ്ഞ് പെരുന്നാൾ നമസ്‌കാരത്തിലേക്ക് കടക്കും. മക്ക ഹറം പള്ളിയിലെത്തി കഅ്ബ പ്രദക്ഷിണം നടത്തും. തുടർന്ന് സഫ-മർവ മലകളിലൂടെയുള്ള നടത്തവും പൂർത്തിയാക്കുന്നതോടെ ഹജ്ജിന്റെ സുപ്രധാന കർമ്മങ്ങൾ അവസാനിക്കും.