സമർത്ഥിന്റെ മൊഴി പരിശോധിക്കാൻ സി.ബി.ഐ, ട്വിഷ ബൈപോളാർ, ഗർഭിണിയായപ്പോൾ ഭയം

Wednesday 27 May 2026 12:35 AM IST

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ, അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സി.ബി.ഐ വീണ്ടും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗിന്റെ മൊഴിയിൽ കൂടുതൽ പരിശോധന നടത്തും. സി.ബി.ഐ സംഘം ഭോപ്പാലിലെത്തി കേസ് ഡയറി, പോലീസ് രേഖകൾ, മൊഴികൾ, മെഡിക്കൽ പേപ്പറുകൾ, പൊലീസ് ഇതുവരെ ശേഖരിച്ച മറ്റ് തെളിവുകൾ എന്നിവ ശേഖരിച്ചു.

മൂന്ന് ദിവസങ്ങളിലായി 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സമർത്ഥ് പൊലീസിനോട് പറഞ്ഞ കാര്യങ്ങളും വാട്ട്സ്ആപ്പ് ചാറ്റുകൾ, മെഡിക്കൽ,​ ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ചുവരുന്നു. ട്വിഷയുമായുള്ള ബന്ധം പ്രശ്നത്തിലായിരുന്നുവെന്നും ഒരിക്കലും ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും സമർത്ഥ് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ടുണ്ട്. വിവാഹം സാധാരണ നിലയിലായിരുന്നു. ട്വിഷയുടെ സഹോദരന്റെ വിവാഹത്തെത്തുടർന്ന് സംഘർഷം രൂക്ഷമായി. തനിക്ക് അച്ഛനാകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ട്വിഷയ്ക്ക് കുഞ്ഞ് വേണ്ടെന്നായിരുന്നു. മോഡലിംഗ് രംഗത്തെ ജീവിതത്തിൽ ഇത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ ട്വിഷ പലപ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ഉത്തരവാദിത്വത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ട്വിഷയുടെ നിർബന്ധം മൂലം വൈദ്യോപദേശം ലഭിച്ചതിനുശേഷമാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗർഭിണിയായപ്പോൾ മുതൽ ട്വിഷയ്ക്ക് മാറ്റമുണ്ടായിരുന്നു. ട്വിഷയ്ക്ക് ബൈപോളാർ ഡിസോർഡർ ബാധിച്ചിരുന്നുവെന്നും അവളുടെ പെരുമാറ്റം പെട്ടെന്ന് മാറുമായിരുന്നു. ഡോക്ടർ ട്വിഷയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയെന്നും പറഞ്ഞു.

അതേസമയം, സമർത്ഥിന്റെ വാദങ്ങൾക്ക് നേർ വിപരീതമാണ് ട്വിഷയുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ.

സമർത്ഥ് ഗർഭത്തെക്കുറിച്ച് സംശയം ഉന്നയിച്ചതായും കുട്ടിയുടെ പിതൃത്വത്തെ സമർത്ഥ് ചോദ്യം ചെയ്തിരുന്നു എന്നും സന്ദേശങ്ങളിൽ വ്യക്തമാക്കുന്നു. ഈ പ്രശ്നങ്ങളോടെയാണ് ചികിത്സയും മരുന്നുകളും ആരംഭിച്ചതെന്ന് ട്വിഷയുടെ കുടുംബം പറയുന്നു. ഈ കാലയളവിൽ ട്വിഷയ്ക്ക് 15 കിലോയോളം ഭാരം കുറഞ്ഞുവെന്നും അവർ മൊഴി നൽകി. മേയ് 12നാണ് 33കാരിയായ ട്വിഷ ശർമ്മയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർതൃവീട്ടിൽ ട്വിഷ നിരന്തരം പീഡനം അനുഭവിച്ചതായും കൊലപാതകമാണെന്നും കാട്ടി കുടുംബം പരാതി നൽകി.