ഹൈക്കോടതികളോട് സുപ്രീംകോടതി, വാദം പൂർത്തിയായാൽ മൂന്ന് മാസത്തിനകം വിധി പറയണം
ന്യൂഡൽഹി: രാജ്യത്തെ ഹൈക്കോടതികളിലെ വിധി പ്രഖ്യാപനം വേഗത്തിലാക്കാൻ മാർഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി. വാദം കേട്ടുകഴിഞ്ഞാൽ മൂന്നു മാസത്തിനകം വിധി പ്രഖ്യാപനമുണ്ടാകണം. അതുണ്ടായില്ലെങ്കിൽ അത്തരം കേസുകളുടെ വിവരം രജിസ്ട്രാർ ജനറൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം. രണ്ടാഴ്ച കൂടി ചീഫ് ജസ്റ്റിസിന് അനുവദിക്കാം. എന്നിട്ടും ആ ബെഞ്ച് വിധി പറഞ്ഞില്ലെങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സാധാരണ ജാമ്യം,മുൻകൂർ ജാമ്യം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളിൽ കൂടുതൽ കൃത്യതയോടെ ഹൈക്കോടതികൾ ഇടപെടണം. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി ഓർമ്മിപ്പിച്ചു. വിവിധ ഹൈക്കോടതികളിൽ വിധി പ്രഖ്യാപനം അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് മാർഗരേഖ.
1.ജാമ്യാപേക്ഷകളിൽ, വാദം കേൾക്കുന്ന അന്നുതന്നെ ഉത്തരവ് പറയുന്നതാണ് അഭികാമ്യം. വിധി പറയാൻ മാറ്റുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ഉത്തരവ് പറയണം. ആ ദിവസമോ, 24 മണിക്കൂറിനകമോ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
2.ജാമ്യം അനുവദിക്കുന്ന ദിവസം തന്നെ വിചാരണതടവുകാരനെ മോചിപ്പിക്കണം. അതിനു സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം നിർബന്ധമായും പുറത്തുവിട്ടിരിക്കണം. ഇതിനായി ജാമ്യ ഉത്തരവ് ഉടൻ ജയിൽ അധികൃതർക്ക് കൈമാറണം.
3.ഹേബിയസ് കോർപ്പസ് ഹർജികൾ, ക്രിമിനൽ അപ്പീലുകൾ തുടങ്ങിയവയിൽ വിധി പറയുമ്പോൾ തുറന്ന കോടതിയിൽ പ്രധാന ഭാഗങ്ങൾ മാത്രം വായിച്ചാൽ മതിയാകും
4.വിശദമായ വിധി 7 ദിവസത്തിനകം അപ്ലോഡ് ചെയ്യാൻ ശ്രമിക്കണം. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പരമാവധി 15 ദിവസം വരെയാകാം. എന്നിട്ടും അപ്ലോഡ് ചെയ്തിട്ടില്ലെങ്കിൽ രജിസ്ട്രാർ ജനറൽ അക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ച് നടപടിയെടുപ്പിക്കണം.