ട്വിഷയുടെ മരണം ഭർത്താവും ഭർതൃമാതാവും സി.ബി.ഐ കസ്റ്റഡിയിൽ
ഭോപ്പാൽ:മോഡലും നടിയുമായ ട്വിഷ ശർമ്മ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സമർത്ഥ് സിംഗും ഭർതൃമാതാവ് ഗിരിബാല സിംഗും സി.ബി.ഐ കസ്റ്രഡിയിൽ.
ഭോപ്പാൽ കോടതിയാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസമാണ് മുൻ ജഡ്ജി കൂടിയായ ഗിരിബാലയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി അവർക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്. ഒരാഴ്ച മുമ്പാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.
കഴിഞ്ഞ 12നാണ് നോയിഡ സ്വദേശിയായ ട്വിഷയെ ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ വിവാഹ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥുമായുള്ള വിവാഹം കഴിഞ്ഞ് അഞ്ചാം മാസമാണ് ദുരൂഹ സാഹചര്യത്തിലെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധന പീഡനമുൾപ്പെടെ മകൾ സഹിച്ചെന്നാരോപിച്ച് ട്വിഷയുടെ വീട്ടുകാർ രംഗത്തെത്തി. ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു.
താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ 'കുടുങ്ങിപ്പോയതുപോലെ' അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്. പത്ത് ദിവസത്തോളം ഒളിവിലായിരുന്ന സമർത്ഥ് പിന്നീട് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യ പ്രകാരം ട്വിഷയുടെ മൃതദേഹം വീണ്ടും പോസ്റ്ര്മോർട്ടം നടത്താൻ മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.