'മോദി ഇത്ര പൂക്കി ആയിരുന്നോ?'; മെലോനിക്ക് കൊടുത്ത ഗിഫ്‌റ്റ് കണ്ട് ക്യൂട്ടെന്ന് കമന്റ്
റോം: റോം യാത്രയ്ക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയ്ക്ക് ഇന്ത്യയിൽ നിന്നുള്ള സ്പെഷ്യൽ സമ്മാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലെയുടെ 'മെലോഡി' ചോക്ലേറ്റാണ് സമ്മാനിച്ചത്. മെലോനിയാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
"പ്രധാനമന്ത്രി മോദി എനിക്കായി വളരെ നല്ലൊരു ടോഫി സമ്മാനമായി കൊണ്ടുവന്നിട്ടുണ്ട് - മെലോഡി" -എന്ന് മെലോനി വീഡിയോയിൽ ചിരിച്ചുകൊണ്ട് പറയുന്നത് കാണാം. തുടർന്ന് ഇരു നേതാക്കളും ഒന്നിച്ച് 'മെലോഡി' എന്ന് പറയുകയും ചെയ്യുന്നുണ്ട്. സമ്മാനത്തിന് നന്ദി എന്ന കുറിപ്പോടെയാണ് മെലോനി വീഡിയോ പങ്കുവെച്ചത്.
നരേന്ദ്ര മോദിയുടെയും ജോർജിയ മെലോനിയുടെയും പേരുകൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയ ലോകം മുൻപ് തന്നെ 'മെലോഡി' എന്ന ഹാഷ്‌ടാഗ് തരംഗമാക്കിയിരുന്നു. മുൻപ് നടന്ന ജി20, കോപ്28 ഉച്ചകോടികളിലെ ഇവരുടെ സൗഹൃദ ദൃശ്യങ്ങളാണ് മെലോഡി എന്ന പേരിന് കാരണമായത്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഇതിന് മുൻപും മെലോനി പങ്കുവച്ചിട്ടുണ്ട്.
അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച റോമിലെത്തിയത്. വിമാനമിറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി മെലോനിയ്ക്കൊപ്പം അദ്ദേഹം അത്താഴവിരുന്നിൽ പങ്കെടുത്തു. തുടർന്ന് ഇരു നേതാക്കളും റോമിലെ വിഖ്യാത ചരിത്ര സ്മാരകമായ കൊളോസിയം സന്ദർശിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതൽ ശക്തമാക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക ചർച്ചകൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.