ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീറാം പറയണം': പുതിയ നിർദേശവുമായി ബിജെപി എംഎൽഎ

Friday 22 May 2026 5:31 PM IST

ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ശക്തമാകുന്നതിനിടെ പുതിയ നിർദ്ദേശവുമായി ബിജെപി എംഎൽഎ ജനാർദ്ദൻ റെഡ്ഡി. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ സാധാരണ പറയുന്ന "യെസ് സർ","യെസ് മാഡം" എന്നതിന് പകരം വിദ്യാർത്ഥികൾ ജയ്‌ ശ്രീറാം എന്ന് പറയണമെന്ന നിർദ്ദേശത്തെയാണ് അദ്ദേഹം പിന്തുണച്ചത്. മുൻ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആയിരുന്നു ഈ നിർദേശം ആദ്യം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ജനാർദ്ദൻ റെഡ്ഡി ആരോപിച്ചു.

"ഇപ്പോൾ ബിജെപിയിൽ ഇല്ലെങ്കിലും ബസനഗൗഡ പാട്ടീൽ വലിയൊരു കാര്യമാണ് പറഞ്ഞത്. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ വിദ്യാർത്ഥികൾ യെസ് സർ അല്ലെങ്കിൽ മാഡം എന്ന് പറയുന്നതിന് പകരം ജയ് ശ്രീറാം എന്ന് മറുപടി നൽകണം. ഞാൻ ഇതിനെ 100 ശതമാനവും പിന്തുണയ്ക്കുന്നു. ഇന്നും ഞാൻ ഏതെങ്കിലും സ്കൂളിലോ കോളേജിലോ പോയാൽ ഈ വിഷയം തുറന്നു പറയാറുണ്ട്. ആളുകൾ കാവി തലപ്പാവുകളും കാവി ഷാളുകളും ധരിക്കട്ടെ. അത് ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ ധർമ്മമാണ്"- ജനാർദ്ദൻ റെഡ്ഡി പറഞ്ഞു.

അതേസമയം ഈ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ലാവണ്യ ബല്ലാൽ ആരോപിച്ചു. സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ളതാണെന്നും രാഷ്ട്രീയം അല്ലെങ്കിൽ മതപരമായ പ്രകടനങ്ങൾക്കുള്ളതല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അനധികൃത ഖനനവുമായി ബന്ധപ്പെട്ടും സംസ്ഥാനം കൊള്ളയടിച്ചതുമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് ജനാർദ്ദൻ റെഡ്ഡി. വിദ്യാർത്ഥികൾ എന്ത് ധരിക്കണം അല്ലെങ്കിൽ എന്ത് മുദ്രാവാക്യം വിളിക്കണം എന്ന് പറയാൻ ഇദ്ദേഹം ആരാണ് എന്നും ലാവണ്യ ചോദിച്ചു.വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളിടത്ത് ശ്രീരാമന്റെ നാമം ജപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാഷ്ട്രീയ നേതാക്കൾ സ്കൂളുകളെ തങ്ങളുടെ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.