നീറ്റ് പുനഃപരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത മാതൃകയിലാക്കണമെന്ന പുതിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഒബ്‌ജക്റ്റീവ് ടൈപ്പ് ഒ.എം.ആർ (പേപ്പർ-പെൻ) രീതിക്ക് പകരം ഓൺലൈൻ പരീക്ഷ നടത്തിയാൽ ചോദ്യപേപ്പർ ചോർച്ച സാദ്ധ്യത തടയാനാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർജെഡി ജനപ്രതിനിധി സുധാകർ സിംഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷാ രീതി മാറ്റുന്നത് ഏജൻസികൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. സമാനമായ ആവശ്യങ്ങളുന്നയിച്ച മുൻ ഹർജികളും കോടതി തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച കോടതി ഹർജി വേനലവധിക്ക് ശേഷം ജൂലായിൽ പരിഗണിക്കുന്നതിനായി മാറ്റി.
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിൾ മുതൽ പുതിയ രീതി നടപ്പിലാക്കും. ജൂൺ 21-ലെ പുനഃപരീക്ഷ കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളോടെയും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും എൻടിഎ കോടതിയിൽ വ്യക്തമാക്കി.