മൂന്ന് രൂപയുടെ വർദ്ധനവ് 30 രൂപയിലേക്ക് എത്തുമോ? എണ്ണക്കമ്പനികളുടെ ഒരു ദിവസത്തെ നഷ്ടം 1600 കോടി
ന്യൂഡൽഹി: ഇന്ത്യക്കാർ വെള്ളിയാഴ്ച രാവിലെ ഉറക്കമുണർന്നത് ചിലപ്പോൾ ഞെട്ടലോടെയായിരിക്കാം. യുഎസ്-ഇറാൻ സംഘർഷത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധി കാരണം ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. ഇന്ന് കൂടും നാളെക്കൂടും എന്ന ആകാംഷയ്‌ക്കൊടുവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചതോടെ ഇന്ന് എണ്ണക്കമ്പനികൾ വില കൂട്ടുകയായിരുന്നു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ, സിഎൻജിയ്ക്ക് രണ്ട് രൂപ എന്നീ തോതിലാണ് വില വർദ്ധനവ്.
യുദ്ധം ഉടലെടുത്തതിന് പിന്നാലെ എണ്ണക്കമ്പനികളുടെ പ്രവർത്തന ചെലവ് വലിയ തോതിലാണ് വർദ്ധിച്ചത്. ഇന്ധനവില വർദ്ധിപ്പിക്കാതെ തുടർന്നാൽ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ നഷ്ടം 1.2 ലക്ഷം കോടിയിലേക്ക് കടക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വന്നതോടെയാണ് ഈ വില വർദ്ധന. എന്നാൽ പെട്രോളിനും ഡീസലിനും മൂന്ന് രൂപ വർദ്ധിപ്പിച്ചതുകൊണ്ട് എണ്ണക്കമ്പനികൾക്ക് ആശ്വാസമാകുമോ എന്നതാണ് പ്രധാന ചോദ്യം.
മൂന്ന് രൂപയുടെ വർദ്ധവനവ് വന്നതോടെ സാധാരണക്കാരായ ഇന്ത്യക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റും. എന്നാൽ ഇപ്പോഴത്തെ ഈ വർദ്ധനവ് എണ്ണക്കമ്പനികളുടെ ചെലവുകളുടെ ഒരു ഭാഗം കുറയ്ക്കാൻ സഹായിക്കും. ലിറ്ററിന് 50 പൈസ വർദ്ധനവുണ്ടായാൽ ലാഭം വർദ്ധിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ മൂന്ന് രൂപയുടെ വർദ്ധനവ് ലാഭം മൂന്നിരട്ടിയോളമാക്കുന്നു. എന്നിരുന്നാലും, ഇറാൻ യുദ്ധം തുടരുന്നിടത്തോളം കാലം എണ്ണവിലയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിലാണ്.
അതേസമയം, ഓരോ ഉൽപ്പന്നത്തിനും ഏകദേശം 30 ശതമാനവും 36.5 ശതമാനവും ചെലവ്-വരുമാന വിടവ് നികത്താൻ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 28 മുതൽ 33 രൂപ വരെ വർദ്ധിപ്പക്കേണ്ടതുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഇത് ഒരിക്കലും സംഭവിക്കില്ല. പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾ തിരിച്ചടിക്കാൻ കാത്തിരിക്കുന്ന ഈ സാഹചര്യത്തിൽ.