സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് ജീവിക്കാനിറങ്ങി, ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്

Friday 15 May 2026 11:09 AM IST

പ്രതീകാത്മക ചിത്രം

മുംബയ്: സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സംരംഭം തുടങ്ങുക പലരുടെയും സ്വപ്നമാണ്. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് തുറന്നുപറയുകയാണ് ഡിജിറ്റൽ ക്രിയേറ്ററും സംരംഭകനുമായ മെഹുൽ അഗർവാൾ. ജോലി രാജിവച്ചതിന് പിന്നാലെയുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മെഹുൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

ജോലി രാജിവച്ച ആദ്യ ദിനങ്ങളിൽ വലിയ ആവേശവും സ്വാതന്ത്ര്യവുമൊക്കെ തോന്നിയെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ലെന്ന് മെഹുൽ പറയുന്നു. തന്റെ 'ബോസ്' താൻ തന്നെയായപ്പോൾ ഉത്തരവാദിത്തങ്ങളും ജോലിഭാരവും മുൻപത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ചുവെന്ന് യുവാവ് തമാശരൂപേണ പറഞ്ഞു.

ആദ്യ മൂന്ന് ദിവസങ്ങളിലെ തന്റെ അനുഭവം എങ്ങനെയായിരുന്നുവെന്ന് മെഹുൽ പറയുന്നു. അതിരാവിലെ എഴുന്നേറ്റ് വരാനിരിക്കുന്ന മൂന്ന് മാസത്തെ ബിസിനസ് പ്ലാനുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഒന്നാം ദിനം. തയ്യാറാക്കിയ പ്ലാനുകൾ പൂർണമായും അടുത്ത ദിവസം തിരുത്തിയെഴുതി. എന്നാൽ മൂന്നാം ദിനം മുതൽ എടുത്ത തീരുമാനങ്ങൾ ശരിയോ തെറ്റോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയും അനിശ്ചിതത്വവും മനസിനെ വേട്ടയാടാൻ തുടങ്ങി.

മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും തന്റെ തീരുമാനത്തിൽ ഒട്ടും പശ്ചാത്താപമില്ലെന്നാണ് മെഹുൽ വ്യക്തമാക്കുന്നത്. തന്നെ തളർത്തിയിരുന്ന പഴയ ജോലി ഉപേക്ഷിച്ചത് തന്റെ സ്വപ്നങ്ങൾക്കുവേണ്ടിയാണെന്നും, ഇതിനായി ചെലവഴിക്കുന്ന ഓരോ നിമിഷവും താൻ ആസ്വദിക്കുന്നുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

ജയിക്കുമ്പോൾ മാത്രമല്ല, തോൽക്കുമ്പോഴും തനിക്കുണ്ടാകുന്ന പേടിയും സംശയങ്ങളും മറച്ചുവയ്ക്കാതെ മെഹുൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. യുവാവിന്റെ സത്യസന്ധതയെ പ്രശംസിച്ച് ഒട്ടേറെ ഭാവി സംരംഭകരും രംഗത്തെത്തി. സംരംഭകത്വത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടിയതിന് നന്ദിയെന്നാണ് പലരും കമന്റ് ചെയ്തത്.

'ബിസിനസ് കെട്ടിപ്പടുക്കുന്നതിലെ സമ്മർദ്ദവും മാനസികാരോഗ്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത് തുറന്നുപറയാൻ കാണിച്ച മനസിനെ അഭിനന്ദിക്കുന്നു.' ഒരു ഉപയോക്താവ് കുറിച്ചു. കരിയറിലെ റിസ്‌ക്കുകളെക്കുറിച്ചും സംരംഭകത്വത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും യുവതലമുറക്കിടയിൽ നടക്കുന്ന ചർച്ചയുടെ ഭാഗമാവുകയാണ് മെഹുലിന്റെ അനുഭവം.