SignIn
Kerala Kaumudi Online
Friday, 15 May 2026 12.52 AM IST

പഞ്ചസാര കയറ്റുമതിക്ക് ഇന്ത്യയുടെ പൂട്ട്; വില കൂടുമോ കുറയുമോ? കേന്ദ്രത്തിന്റെ പുതിയ തീരുമാനം ബാധിക്കുന്നത് ഇക്കൂട്ടരെ

sugar-export

ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്നത് തടയാൻ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2026 സെപ്തംബർവരെ പഞ്ചസാര കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് സർക്കാർ പുറത്തിറക്കിയത്. കയറ്റുമതി തടയുന്നതിലൂടെ മധുര പലഹാരങ്ങൾക്കും ചോക്ലേറ്റിന്റെയും വില വർദ്ധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എന്താണ് ഈ നീക്കത്തിന് പിന്നിലെ കാരണം? ഇതിൽ എന്തെങ്കിലും ഇളവുകളുണ്ടോ? പരിശോധിക്കാം.

എന്തുകൊണ്ട് പുതിയ നിരോധനം
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അസംസ്‌കൃത പഞ്ചസാര, വൈറ്റ് ഷുഗർ, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2026 സെപ്തംബർ 30വരെയാണ് നിരോധന കാലാവധി. കയറ്റുമതി നയത്തിൽ 'നിയന്ത്രിതം' എന്നതിൽ നിന്നും 'നിരോധിതം' എന്ന വിഭാഗത്തിലേക്കാണ് പഞ്ചസാരയെ മാറ്റിയിരിക്കുന്നത്.

ആർക്കൊക്കെ ഇളവുകൾ ലഭിക്കും
നിരോധനം പ്രഖ്യാപിച്ചെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വിജ്ഞാപനം വരുന്നതിന് മുൻപ് കപ്പലുകളിൽ കയറ്റാൻ തുടങ്ങിയ ചരക്കുകൾക്ക് തടസമുണ്ടാകില്ല. നിലവിലുള്ള കരാറുകൾ പ്രകാരം അമേരിക്കയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും നടത്തുന്ന നിശ്ചിത അളവിലുള്ള കയറ്റുമതി തുടരും. മറ്റ് രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരം അവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക അനുമതിയോടെ നൽകുന്ന കയറ്റുമതിയെ നിരോധനം ബാധിക്കില്ല.

പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. ഉത്പാദനത്തിലെ കുറവും കനത്ത മഴയെത്തുടർന്ന് കരിമ്പ് കൃഷിക്ക് നാശം സംഭവിച്ചതിനാലുമാണ് ഇന്ത്യയിലെ പഞ്ചസാര ഉത്പാദനം കുറയുമെന്ന് കണക്കാക്കിയത്. 31 ദശലക്ഷം ടൺ ഉത്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ അളവ് പോലും തികയില്ലെന്ന ആശങ്കയിലാണ് അധികൃതർ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറഞ്ഞാൽ വില കുതിച്ചുയരും. ഇത് സാധാരണക്കാരെയും ഭക്ഷ്യ വ്യവസായത്തെയും ബാധിക്കുമെന്നതിനാൽ ബഫർ സ്റ്റോക്ക് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ കയറ്റുമതി
ബ്രസീൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. യുഎഇ, അഫ്ഗാനിസ്ഥാൻ, ജിബൂട്ടി, ടാൻസാനിയ എന്നിവയാണ് ഇന്ത്യയിൽ നിന്നും പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. 2025 ഒക്ടോബർ, 2026 ഫെബ്രുവരി കാലയളവിൽ മാത്രം 3.15 ലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.

ആഗോള വിപണിയിൽ സംഭവിക്കുന്നത്
ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും. ഇന്ത്യ കയറ്റുമതി നിർത്തിയതോടെ ലണ്ടനിലും ന്യൂയോർക്കിലും പഞ്ചസാരയുടെ അവധി വ്യാപാര വില 23 ശതമാനം വർദ്ധിച്ചു. ഇന്ത്യ പിന്മാറുന്നതോടെ ബ്രസീൽ, തായ്‌ലൻ‌ഡ് തുടങ്ങിയ രാജ്യങ്ങൾക്ക് ഏഷ്യൻ, ആഫ്രിക്കൻ വിപണികളിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ സാധിക്കും. കയറ്റുമതിക്കായി മുൻകൂട്ടി കരാറൊപ്പിട്ട വ്യാപാരികൾക്ക് ഈ നിരോധനം തിരിച്ചടിയാകും.


ആഗോളതലത്തിൽ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കും വില നിയന്ത്രണത്തിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്. കരിമ്പ് ഉത്പാദനത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്തതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്.

Add as a preferred source on Google
TAGS: EXPLAINER, SUGAR EXPORT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360