നേരെ പറന്നാൽ പോരേ, എന്തുകൊണ്ട് വിമാനങ്ങൾ വളഞ്ഞു സഞ്ചരിക്കുന്നു? പിന്നിലെ രഹസ്യം ഇതാണ്

Sunday 31 May 2026 2:20 PM IST

വിമാനത്തിൽ ദീർഘദൂര യാത്ര നടത്തിയിട്ടുള്ളവർ ശ്രദ്ധിച്ചിട്ടുണ്ടാകും, യാത്രാപഥം എപ്പോഴും ഒരു വക്രരേഖയിലായിരിക്കും. നേർരേഖയിലല്ലാതെ എന്തുകൊണ്ടാണ് വിമാനങ്ങൾ ഇങ്ങനെ വളഞ്ഞു സഞ്ചരിക്കുന്നത്? നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ആകൃതിയാണ് പ്രധാന കാരണം. ഭൂമി പരന്നതല്ല, മറിച്ച് ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ ഉപരിതലത്തിലെ രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം ഒരു നേർരേഖയല്ല, മറിച്ച് 'ഗ്രേറ്റ് സർക്കിൾ' എന്നറിയപ്പെടുന്ന ഒരു വളവാണ്.

ഭൂമദ്ധ്യരേഖയിലാണ് വലിപ്പം കൂടുതൽ. എന്നാൽ ധ്രുവപ്രദേശങ്ങളിലേക്ക് അടുക്കുംതോറും ഭൂമിയുടെ ചുറ്റളവ് കുറഞ്ഞുവരും. ഈ കുറഞ്ഞ ചുറ്റളവിനെ അടിസ്ഥാനമാക്കിയുള്ള 'ഗ്രേറ്റ് സർക്കിൾ' പാതയാണ് രണ്ട് സ്ഥലങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരം. ഉദാഹരണത്തിന് വടക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് വിമാനം പറക്കുമ്പോൾ, അറ്റ്‌ലാ‌ന്റി‌ക് സമുദ്രത്തിന് കുറുകെ നേരെ പോകുന്നതിന് പകരം, ഗ്രീൻലാൻഡിനും വടക്കൻ അറ്റ്ലാന്റിക്കിനും മുകളിലൂടെ വളഞ്ഞാണ് പോകാറുള്ളത്. മാപ്പിലൂടെ നോക്കുമ്പോൾ നീളം കൂടിയ വഴിയായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഇതാണ് ഏറ്റവും കുറഞ്ഞ ദൂരം.

വിമാനക്കമ്പനികൾ എപ്പോഴും മുൻഗണന നൽകുന്നത് സുരക്ഷയ്ക്കും ഇന്ധനക്ഷമതയ്ക്കുമാണ്. 'ഗ്രേറ്റ് സർക്കിൾ' പാതകൾ തിരഞ്ഞെടുക്കുന്നതിലൂടെ യാത്രാദൂരം കുറയുകയും അതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ വിമാനങ്ങൾക്ക് സാധിക്കുകയും ചെയ്യുന്നു. എന്നാൽ ദൂരം മാത്രമല്ല വിമാന പാതകളെ നിശ്ചയിക്കുന്നത്,​ അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി, മോശം കാലാവസ്ഥ എന്നിവയും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ ശക്തമായി വീശുന്ന കാറ്റാണ് ജെറ്റ് സ്ട്രീമുകൾ. ഇത്തരം കാറ്റുകളുടെ സഹായത്തോടെ പറക്കാൻ സാധിച്ചാൽ യാത്രാസമയവും ഇന്ധനവും ലാഭിക്കാം. ഇതിനായി ചിലപ്പോൾ പ്രധാന പാതയിൽ നിന്നും വിമാനങ്ങൾ അല്പം മാറി സഞ്ചരിക്കാറുമുണ്ട്.

യുദ്ധങ്ങളോ മറ്റോ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് തങ്ങളുടെ വഴി മാറ്റേണ്ടി വരും. സൈനിക മേഖലകൾ, അഗ്നിപർവ്വത സ്‌ഫോടനം, കടുത്ത ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ നടക്കുന്ന ഇടങ്ങൾ ഇത്തരം സുരക്ഷാ ഭീഷണികളുള്ള പ്രദേശങ്ങൾക്ക് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ വിമാനങ്ങൾ കൂടുതൽ വളഞ്ഞ പാതകൾ സ്വീകരിക്കും. സാധാരണയായി നമ്മൾ കാണുന്ന പരന്ന ഭൂപടങ്ങൾ ധ്രുവപ്രദേശങ്ങളിലേക്ക് അടുക്കുംതോറും സ്ഥലങ്ങളുടെ വലിപ്പത്തിലും ദൂരത്തിലും ഏറെ വ്യത്യാസങ്ങൾ വരുത്തുന്നുണ്ട്. അതുകൊണ്ടാണ് ത്രിമാന രൂപത്തിലുള്ള (ത്രീഡി) ഭൂമിയിലെ നേർരേഖ പരന്ന മാപ്പിലൂടെ നോക്കുമ്പോൾ വലിയവളവായി തോന്നുന്നത്. ഒരു ഗ്ലോബിലോ ഗൂഗിൾ എർത്തിലോ നോക്കിയാൽ ഈ വളഞ്ഞ പാത തന്നെയാണ് ഏറ്റവും ചെറിയ വഴിയെന്ന് നമുക്ക് ബോദ്ധ്യപ്പെടും.