ടീം സെലക്ഷനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പതറി അജിത് അഗാർക്കർ, വൈറലായി അവതാരകന്റെ ചോദ്യങ്ങൾ

Sunday 31 May 2026 5:53 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ പതറി ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ. അടുത്തിടെ നടന്ന അവാർഡ് നിശയ്ക്കിടെ അവതാരകനും നടനുമായ ഡാനിഷ് സൈത്ത് ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിലായിരുന്നു അഗാർക്കർ കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വേദിയിൽ 2026ലെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ശേഷമായിരുന്നു ഡാനിഷ് സൈത്ത് ചോദ്യങ്ങളുമായി അഗാർക്കറെ സമീപിച്ചത്. ഇന്ത്യൻ ടീമിലേക്ക് നോക്കുമ്പോൾ, എത്ര നല്ലൊരു ടീമിനെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ?' എന്നായിരുന്നു ഡാനിഷ് സൈത്തിന്റെ ആദ്യ ചോദ്യം. പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മുന്നിൽ അല്പം പതറിയെങ്കിലും ചിരിച്ചുകൊണ്ട് അഗാർക്കർ മറുപടി നൽകി: 'ഞാൻ പറയുന്ന കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കാര്യങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാദ്ധ്യതയുണ്ട്.'- അഗാർക്കർ പറഞ്ഞു.

ഉടൻ തന്നെ അടുത്ത ചോദ്യവുമായി ഡാനിഷ് എത്തി: '140 കോടിയിലധികം ജനങ്ങളുള്ള രാജ്യമാണിത്. 'ക്ഷമിക്കണം സുഹൃത്തേ, ഇത്തവണ ടീമിൽ ഇടമില്ല, അടുത്ത സീരീസിൽ നോക്കാം' എന്ന് കളിക്കാരോട് പറയാൻ എന്തൊക്കെ വഴികളാണ് നിങ്ങൾ കണ്ടുപിടിച്ചിട്ടുള്ളത്?' ഇതുകേട്ട് പൊട്ടിച്ചിരിച്ച അഗാർക്കർ, 'ഞാൻ ഇപ്പോഴും അതിനുള്ള വഴികളാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. അത് എല്ലാ ദിവസവും ആലോചിക്കുന്ന കാര്യമാണ്,'- അഗാർക്കർ മറുപടി നൽകി.

എന്നാൽ, ഇതിന് പിന്നാലെ ഡാനിഷ് ചോദിച്ച അവസാന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. 'അതിൽ ഏറ്റവും നൂതനമായ വഴി ഏതാണ്?' എന്നായിരുന്നു ഡാനിഷിന്റെ ചോദ്യം. ഡാനിഷിന്റെ ചോദ്യങ്ങളിൽ കൂടുതൽ പതറാതെ അഗാർക്കർ പെട്ടെന്ന് ഒഴിഞ്ഞുമാറി: 'എന്നെ ഇങ്ങനെ കുഴപ്പിക്കരുത്. അതിനുള്ള സമയമല്ലിത്. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ മറ്റൊരു ടീം സെലക്ഷൻ വരാനിരിക്കുകയാണ്.'-അഗാർക്കർ പറഞ്ഞു.

നേരത്തെ, വാർത്താസമ്മേളനത്തിൽ സംസാരിക്കവെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെക്കുറിച്ച് അഗാർക്കർ വ്യക്തമായ ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള വൈസ് ക്യാപ്‌ടൻ സ്ഥാനത്തുനിന്നും പന്തിനെ മാറ്റി കെ.എൽ രാഹുലിനെ നിയമിച്ചതിനെക്കുറിച്ചും, ഏകദിന ടീമിൽ നിന്ന് ഒഴുവാക്കിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. പന്ത് എക്കാലത്തെയും മികച്ച ടെസ്റ്റ് കളിക്കാരനായി തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അഗാർക്കർ പറഞ്ഞു.