ലോകകപ്പ് വിജയ ശില്പിയായിട്ടും അവഗണന? ഏകദിനത്തിൽ സഞ്ജുവിന് 'പകരക്കാരൻ' മറ്റൊരു താരം

Saturday 16 May 2026 11:02 AM IST

മുംബയ്: ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും. മേയ് 31ന് ആണ് ഐപിഎൽ ഫൈനൽ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നത്. ഫൈനൽ നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ത്യയാണ് അഫ്ഗാനെതിരായ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ ആറിന് മുല്ലൻപൂരിൽ വച്ച് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷം,​ ജൂൺ 14ന് ധർമ്മശാലയിലും ജൂൺ 17ന് ലക്നൗവിലും ജൂൺ 20ന് ചെന്നൈയിൽ വച്ചും ഏകദിനം നടക്കും.

ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കാനെത്തും. സൂപ്പർ താരം ജസ്പ്രീത് ബുംറ വിശ്രമത്തെത്തുടർന്ന് കളിച്ചേക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കെഎൽ രാഹുലിനാണ് സാദ്ധ്യത. ട്വന്റി 20 ലോകകപ്പിലെ മാൻ ഓഫ് ദ ടൂർണമെന്റായ സഞ്ജു സാംസണെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, സാദ്ധ്യതയില്ല. ഋഷഭ് പന്തിന് പകരക്കാരനായി ഇഷാൻ കിഷനാണ് കൂടുതൽ സാദ്ധ്യത കൽപ്പിച്ചിരിക്കുന്നത്.

ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് ഇഷാനെ തുണയ്ക്കുന്നത്. 2023 ഡിസംബർ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്കായി ഏകദിനത്തിൽ കളിച്ചത്. 114 പന്തുകളിൽ നിന്ന് 108 റൺസെന്ന തകർപ്പൻ പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്. പരമ്പര ഇന്ത്യ 2-1 ന് നേടി സഞ്ജു അന്ന് പ്ലേയർ ഓഫ് ദ് മാച്ചാകുകയും ചെയ്തിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇഷാൻ ഏകദിന മത്സരം കളിച്ചത്. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ജാർഖണ്ഡിനെ അവരുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുകയായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 35 ശരാശരിയിലും 185.84 സ്‌ട്രൈക്ക് റേറ്റിലും ഇഷാൻ 420 റൺസ് നേടിയിട്ടുണ്ട്. നാല് അർദ്ധ സെഞ്ച്വറി നേടിയ ഇഷാന്റെ ടോപ് സ്‌കോർ 91 ആയിരുന്നു. മെയ് 19ന് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമുകളെ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.