SignIn
Kerala Kaumudi Online
Friday, 15 May 2026 6.54 PM IST

'സഞ്ജുവിനെ ഭാവി ഇന്ത്യൻ ക്യാപ്റ്റനെന്ന് തീർച്ചയായും പറയാനാകും', പിന്തുണയുമായി മുൻ ഇന്ത്യൻ പരിശീലകൻ

sanju-samson

മുംബയ്: ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ഇന്ത്യയെ നയിക്കാൻ യോഗ്യരായവരിൽ സഞ്ജു സാംസണിന്റെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയത് അടുത്തിടെയാണ്. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് സ്ഥാനമൊഴിഞ്ഞാൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ സഞ്ജുവാണെന്നാണ് മുൻ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്‌ത്രിയുടെ അഭിപ്രായം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച അദ്ദേഹത്തിന്റെ അനുഭവപരിചയവും, ഇന്ത്യൻ ടീമിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുത്തതും ഇന്ത്യൻ നായകസ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിന് പ്രധാന കാരണമായി രവി ശാസ്‌ത്രി പറയുന്നു.

ഈവർഷം ആദ്യം നടന്ന ട്വന്റി 20 ലോകകപ്പിൽ കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചത് സൂര്യകുമാർ യാദവാണ്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. സൂപ്പർ 8 മത്സരത്തിലും സെമിയിലും ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സഞ്ജുവായിരുന്നു. അഞ്ച് മത്സരങ്ങളിൽ 321 റൺസാണ് സഞ്ജു നേടിയത്. മൂന്ന് അർദ്ധസെഞ്ച്വറികളും സഞ്ജു നേടി.

'ഇന്ത്യ അടുത്ത ലോകകപ്പ് (2028ൽ) വരുമ്പോൾ, വരുന്ന രണ്ട് വർഷത്തിനകം സൂര്യകുമാർ എങ്ങനെ മുന്നോട്ടുപോകുന്നു എന്നതനുസരിച്ചാകും പുതിയ ക്യാപ്റ്റനെ തീരുമാനിക്കേണ്ടത്. സഞ്ജു സാംസൺ ആ സ്ഥാനത്തിന്‌ അർഹനാണ് കാരണം രാജസ്ഥാൻ റോയൽസിന് വേണ്ടി ആ കടമ അയാൾ ചെയ്‌തിട്ടുണ്ട്. മികച്ച കഴിവുള്ളയാളാണ് സഞ്ജു. ആദ്യ‌കാലത്ത്‌ തന്റെ കഴിവിനോട് സഞ്ജു നീതി പുലർത്താത്തതുകൊണ്ട് പലപ്പോഴും ആരാധകർ അദ്ദേഹത്തിന്റെ കാര്യത്തിൽ നിരാശരായിരുന്നു. എന്നാൽ ട്വന്റി 20 ലോകകപ്പിൽ അദ്ദേഹത്തിന്റെ പ്രകടനം, ഒറ്റയ്‌ക്ക് മത്സരങ്ങൾ ജയിപ്പിച്ചത്, ഐപിഎല്ലിൽ അദ്ദേഹം കാണിച്ച പക്വത ഇതെല്ലാം‌ അദ്ദേഹത്തെ ഭാവി ഇന്ത്യൻ ക്യാപ്‌റ്റനെന്ന് വ്യക്തമായി പറയാനാകും.' - ഐസിസിക്കനുവദിച്ച അഭിമുഖത്തിൽ രവി ശാസ്‌ത്രി പറഞ്ഞു.

ഐപിഎൽ 2026 സീസണിലും മികച്ച ഫോമിലാണ് സഞ്ജു. ചെന്നൈ സൂപ്പർ കിംഗ്‌സിനുവേണ്ടി ഈ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ 430 റൺസാണ് താരം ഇതുവരെ നേടിയത്. ഐപിഎല്ലിന് ശേഷം നടക്കുന്ന ഇംഗ്ളണ്ട്, അയർലൻഡ് പര്യടനത്തിലും സഞ്ജു ട്വന്റി20യിൽ ഇന്ത്യയെ നയിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJU, ICC, T20 FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360