ക്യാപ്റ്റൻസി കയ്യാലപുറത്തോ?​ ഹാർദിക്കിനെ മുംബയ്‌യുടെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചന

Friday 29 May 2026 11:36 AM IST

മുംബയ്: മുംബയ് ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് ഹർദിക് പാണ്ഡ്യയെ മാറ്റുമെന്ന് സൂചന. ഐപിഎല്ലിലെ ഈ സീസണിൽ ടീം ദയനീയ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് നിർണായക നീക്കവുമായി മാനേജ്മെന്റ് രംഗത്തെത്തിയിരിക്കുന്നത്. മോശം പ്രകടനത്തെ തുടർന്ന് പ്ളേ ഓഫ് കാണാതെ മുംബയ്‌ പുറത്തായിരുന്നു.

ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ സീസണിലുടനീളം മാനേജ്മെന്റിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. മുംബയ് താരങ്ങൾ കോച്ചിംഗ് സ്റ്റാഫുകളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന തരത്തിൽ ആഭ്യന്തര ചർച്ചകളും നടക്കുന്നുണ്ട്. ടീമിലെ മുതിർന്ന താരങ്ങൾ പോലും നിർദേശങ്ങൾ അവഗണിക്കുന്നതായുള്ള വിമർശനങ്ങളുമുണ്ട്.

ക്യാംപിൽ നായകനെ മാറ്റണമെന്ന ചർച്ച സജീവമാണെന്നാണ് ഇന്ത്യൻ എക്‌സ്‌പ്ര‌സ് റിപ്പോർട്ട് ചെയ്യുന്നത്. നായകസ്ഥാനം തെറിക്കുന്നതിനൊപ്പം ഹാർദിക്കിന് അടുത്ത സീസണിൽ ടീമിൽ തുടരാൻ കഴിയുമോയെന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. ഹാർദിക് ഉൾപ്പെടെ ടീമിലെ മറ്റുതാരങ്ങളുടെയും പ്രകടനങ്ങൾ വിലയിരുത്തിയാകും അന്തിമതീരുമാനമെന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ ഒമ്പത് ഇന്നിംഗ്സിൽ നിന്ന് 206 റൺസാണ് ഹാർദിക് സ്വന്തമാക്കിയത്. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ എടുത്ത 40 റൺസാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയം മാത്രം നേടിയ മുംബയ് ഒമ്പതാം സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ഹാർദിക്കിനെതിരെ ഉയരുന്നത്.