സെഞ്ച്വറി കൈവിട്ട് വൈഭവ്, അവസാന ഓവറിൽ ഫെരെയ്‌ര പൂരം; ഗുജറാത്തിന് 215 റൺസിന്റെ വിജയലക്ഷ്യം
മുല്ലൻപുർ: ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലും തകർപ്പൻ ബാറ്റിംഗ് വൈഭവവുമായി ഗുജറാത്ത് ടൈറ്റൻസിനെതിരെ കൗമാര താരം വൈഭവ് സൂര്യവംശി. അവസാന ഓവറുകളിൽ ഡൊണോവൻ ഫെരെയ്‌രെയും മിന്നിത്തിളങ്ങിയപ്പോൾ രണ്ടാം ക്വാളിഫയറിൽ ജിടിക്കെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിലേതിനു സമാനമായി വൈഭവ് സൂര്യവംശിക്ക് ഇത്തവണയും സെഞ്ച്വറിക്ക് തൊട്ടരികെ കാലിടറി. വമ്പനടികൾക്ക് മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് കളിക്കാനും തനിക്കാകുമെന്ന് വൈഭവ് തെളിയിച്ചു. 31 പന്തിൽ നിന്ന് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർദ്ധസെഞ്ച്വറി തികച്ച താരം 47 പന്തിൽ 96 റൺസെടുത്തു. സെഞ്ച്വറിക്ക് നാല് റൺസ് മാത്രം അകലെ കാഗിസോ റബാദയുടെ പന്തിലാണ് വൈഭവ് പുറത്തായത്. 7 സിക്സും 8 ഫോറുമടങ്ങുന്നതായിരുന്നു കൗമാര താരം 96 റൺസ് കൂട്ടിച്ചേർത്തത്.
തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം രാജസ്ഥാൻ ഇന്നിംഗ്സിന് കരുത്തായത് വൈഭവും രവീന്ദ്ര ജഡേജയും തമ്മിലുള്ള കൂട്ടുകെട്ടാണ്. 65 പന്തിൽ നിന്ന് ഇരുവരും 127 റൺസ് അടിച്ചുകൂട്ടി. മത്സരത്തിനിടയിൽ പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയെങ്കിലും ജഡേജ പിന്നീട് ക്രീസിൽ തിരിച്ചെത്തി. 35 പന്തിൽ നിന്ന് ഒരു സിക്സും 5 ഫോറുമടക്കം 45 റൺസോടെ ജഡേജ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ഡോണോവൻ ഫെരെയ്ര നടത്തിയ ബാറ്റിംഗാണ് രാജസ്ഥാൻ സ്‌കോർ 200 കടത്തിയത്. വെറും 11 പന്തുകൾ മാത്രം നേരിട്ട താരം നാല് സിക്സും രണ്ട് ഫോറുമടക്കം 38 റൺസോടെ പുറത്താകാതെ നിന്നു. റാഷിദ് ഖാൻ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിൽ നാല് സിക്സറുകൾ അടക്കം 27 റൺസാണ് ഫെരെയ്‌ര അടിച്ചുകൂട്ടിയത്.
മറുഭാഗത്ത് രാജസ്ഥാൻ റോയൽസിന്റെ മുൻനിര ബാറ്റർമാരെല്ലാം വലിയ നിരാശയാണ് സമ്മാനിച്ചത്. ഓപ്പണർ യശസ്വി ജയ്സ്വാൾ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. ധ്രുവ് ജുറെലിന് ഏഴ് റൺസ് മാത്രമേ നേടാനായുള്ളൂ. ക്യാപ്‌ടൻ റിയാൻ പരാഗ് 11 റൺസിനും, പിന്നാലെയെത്തിയ ദസുൻ ഷനക മൂന്ന് റൺസിനും വേഗത്തിൽ കൂടാരം കയറി. ഗുജറാത്ത് ടൈറ്റൻസിനായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത കാഗിസോ റബാദയും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയാണ് രാജസ്ഥാന്റെ മുൻനിര തകർച്ചയ്ക്ക് വഴിയൊരുക്കിയത്.