ഹാർദിക്കിന്റെ തുടർച്ചയായ അഭാവത്തിന് പിന്നിലെ സത്യം ഇതാണ്, വെളിപ്പെടുത്തലുമായി സഹതാരം

Friday 15 May 2026 3:14 PM IST

മുംബയ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ ത്രില്ലർ ജയത്തിന് പിന്നാലെ മുംബയ് ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് സുപ്രധാന വിവരങ്ങൾ പുറത്ത്. ടീമിന്റെ സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണെന്നും എന്നാൽ അടുത്ത ബുധനാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ തിരിച്ചെത്തിയേക്കുമെന്നും ഓൾറൗണ്ടർ ഷാർദുൽ ഠാക്കൂർ വെളിപ്പെടുത്തി. മത്സരത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം പരിക്കേറ്റതിനെ തുടർന്ന് ഹാർദിക് ബെഞ്ചിലാണ്. കുഞ്ഞ് ജനിച്ചതിനാൽ സൂര്യകുമാർ യാദവും പഞ്ചാബിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ടീമിനെ നയിച്ച ജസ്പ്രീത് ബുംറയ്ക്ക് കീഴിൽ സീസണിലെ നാലാം വിജയമാണ് മുംബയ് സ്വന്തമാക്കിയത്. ഷാർദുലിന്റെ ബൗളിംഗും തിലക് വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് മുംബയ്ക്ക് തുണയായത്.

ഹാർദിക് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഷാർദുൽ പറഞ്ഞു; 'സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കും. അതിൽ ചിലത് സത്യമാകാം, പലതും തെറ്റാകാം. അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. പരിക്കിനെത്തുടർന്നാണ് അദ്ദേഹം ടീമിനൊപ്പമില്ലാത്തത്. നിലവിൽ അദ്ദേഹം മുംബയിൽ പരിശീലനത്തിലാണ്,'- ഷാർദുൽ വ്യക്തമാക്കി.

ഈ സീസണിൽ ക്യാപ്ടൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ഹാർദിക്കിന് തിളങ്ങാനായിട്ടില്ല. എട്ട് ഇന്നിംഗ്സുകളിൽ നിന്നും വെറും 146 റൺസും നാല് വിക്കറ്റും മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

33 പന്തിൽ പുറത്താകാതെ 75 റൺസ് അടിച്ചുകൂട്ടിയ തിലകിന്റെ പ്രകടനത്തെ ഷാർദുൽ പ്രശംസിച്ചു. റയാൻ റിക്കിൾട്ടണും തിലകിന് മികച്ച പിന്തുണ നൽകി. മത്സരം പലതവണ ഗതിമാറിയെങ്കിലും കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ബുംറ എന്നിവർക്ക് കീഴിൽ കളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലിയാണെന്നും താരങ്ങളാണ് ഒരു ക്യാപ്ടനെ വിജയിപ്പിക്കുന്നത് എന്നായിരുന്നു ഷാർദുലിന്റെ മറുപടി.

ഈ വിജയത്തോടെ മുംബയ് ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള പഞ്ചാബ് കിംഗ്സ് നാലാം സ്ഥാനത്ത് തുടരുകയാണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ലകനൗവിനെ ചെന്നൈ പരാജയപ്പെടുത്തിയാൽ പട്ടികയിൽ വീണ്ടും മാറ്റങ്ങൾ വരും.