സെമിയിൽ വീണെങ്കിലും വിനേഷിന്റെ മടക്കം തലയുയർത്തി തന്നെ
ന്യൂഡൽഹി: സുപ്രീംകോടതിയുടേയും ഡൽഹി ഹൈക്കോടതിയുടേയും അനുകൂല വിധിയുമായി ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിനിറങ്ങിയ വിനേഷ് ഫോഗാട്ട് സെമി ഫൈനലിൽ തോറ്റു. താരത്തിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല. വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിൽ സെമിയിൽ ഹരിയാനയുടെ മീനാക്ഷി ഗോയത്തിനോട് 4-6ന് തോറ്റതോടെയാണ് വിനേഷിന്റെ ഏഷ്യൻ ഗെയിംസ് സ്വപ്നം പൊലിഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിൽ ആദ്യ റൗണ്ടിൽ ഹരിയാനയുടെ ജ്യോതിയെ അനായാസം കീഴടക്കിയാണ് വിനേഷ് (7-1) തുടങ്ങിയത്. ക്വാർട്ടറിൽ നിഷുവിനെ കടുത്തപോരാട്ടത്തിനൊടുവിൽ 6-5നാണ് വിനേഷ് വീഴ്ത്തിയത്. രണ്ട് തവണ നിഷു അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായി. തിരിച്ചുവരും: വിനേഷ് സെമി മത്സരത്തിന് ശേഷം ഇതൊന്നിന്റെയും അവസാനമല്ലെന്നും താൻ തിരിച്ചുവരുമെന്നും വിനേഷ് പറഞ്ഞു. മുഴുവൻ സിസ്റ്രത്തോടുമായിരുന്നു എന്റെ മത്സരം, നിയമങ്ങൾ കാറ്റിൽ പറത്തി ഏറ്റവും കരുത്തരായ എതിരാളികളെയാണ് എനിക്ക് നേരിടാൻ തന്നത്. ട്രയൽസിൽ പങ്കെടുക്കാൻ തീരുമാനിച്ചതുമുതൽ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ പലതരത്തിലുള്ള തടസങ്ങളുമായി വന്നു. മത്സരദിവസം ഫ്രീയായി ഇരിക്കേണ്ട ഞാൻ ഫെഡറേഷൻ അംഗങ്ങളുടെ പോരടിക്കുകയായിരുന്നു,തോൽവിയും ജയവുമെല്ലാം മത്സരത്തിന്റെ ഭാഗമാണ്. ഇതൊന്നും എന്നെ തളർത്തില്ല.- വിനേഷ് പറഞ്ഞു.