ചരിത്രം നേട്ടം കുറിച്ച് വിരാട് കൊ‌ഹ്‌ലി; ഐപിഎല്ലിൽ അപൂർവ്വ റെക്കാർഡ്, പ്ലേ ഓഫ് ലക്ഷ്യമിട്ട് ആർസിബി

Sunday 17 May 2026 4:19 PM IST

ധരംശാല: ഐപിഎല്ലിൽ വീണ്ടും ചരിത്രനേട്ടം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ റൺമെഷീൻ വിരാട് കൊ‌ഹ്‌ലി. ഇന്ന് ധരംശാലയിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ് കൊ‌ഹ്‌ലി അപൂർവ്വ നേട്ടം കൈവരിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഓപ്പണറായി 5500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായും കൊ‌ഹ്‌ലി മാറി.

മത്സരത്തിന് മുൻപ് ഈ റെക്കാഡിൽ എത്താൻ കൊ‌ഹ്‌ലിക്ക് ഏഴ് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. പഞ്ചാബ് ബൗളർ അസ്മത്തുള്ള ഒമർസായിയെ സിക്സർ പറത്തിക്കൊണ്ടാണ് ചരിത്രനേട്ടത്തിലേക്ക് താരം എത്തിയത്. ഐപിഎല്ലിൽ ഓപ്പണറായി 5500 റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് കൊ‌ഹ്‌ലി. ശിഖർ ധവാൻ, ഡേവിഡ് വാർണർ എന്നിവർ നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഒന്നിലധികം ടീമുകൾക്ക് വേണ്ടി കളിച്ചാണ് അവർ ഈ റൺസ് കൂട്ടിച്ചേർത്തത്. എന്നാൽ കളിച്ച കാലമത്രയും ഒരു ടീമിനായി മാത്രം ഓപ്പൺ ചെയ്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ബഹുമതി ഇനി കൊ‌ഹ്‌ലിക്ക് മാത്രം സ്വന്തം.

അതേസമയം, പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങിയത്. ഹർപ്രീത് ബ്രാർ, ലോക്കി ഫെർഗൂസൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ആർസിബി നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. നായകൻ രജത് പാട്ടിദാറിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയാണ് ആർസിബിയെ നയിക്കുന്നത്. സുയാഷ് ശർമ്മയും റൊമാരിയോ ഷെപ്പേർഡും ടീമിലെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു.