
ന്യൂഡൽഹി: കഴിഞ്ഞവർഷവും നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചേർന്നെന്ന സംശയത്തിൽ സി ബി ഐ. ഇക്കൊല്ലത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ ചിലർക്ക് കഴിഞ്ഞവർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതാണ് സംശയത്തിന് കാരണം. ഇതിൽ ചിലർക്ക് പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് ശരാശരി മാർക്കുമാത്രമാണ് ലഭിച്ചത്. ഇവർക്ക് നീറ്റ് പരീക്ഷയിൽ എങ്ങനെ ഉയർന്ന റാങ്ക് നേടി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
അതിനിടെ എൻടിഎയുടെ സിസ്റ്റത്തിൽ നിന്നാണ് ചോദ്യം ചോർന്നതെന്ന് സിബിഐ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. കൈയെഴുത്തും ടൈപ്പുചെയ്തതുമായ രണ്ടുസെറ്റ് ചോദ്യപേപ്പറുകളാണ് ചോർന്നതെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അവർ. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ ഒരാളെക്കൂടി ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബോട്ടണി,സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ ബയോളജി അദ്ധ്യാപിക മനീഷ ഗുരുനാഥ് മന്ഥാരെയാണ് പിടിയിലായത്. പൂനെ സ്വദേശിയാണ് ഇവർ.ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെ ചോദ്യംചെയ്യലിൽ അദ്ധ്യാപിക കുറ്റം സമ്മതിച്ചു.
സമിതിയിലെ രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. അതേസമയം പി.വി.കുൽക്കർണിയെയും റാക്കറ്റിലെ കണ്ണിയും ബ്യൂട്ടീഷ്യനുമായ പുനെയിലെ മനീഷ വാഗ്മാറെയെയും 10 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. ഇരുവരെയും ഇന്നലെ ഹാജരാക്കിയപ്പോൾ 14 ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.
മേയ് മൂന്നിനായിരുന്നു പരീക്ഷയെങ്കിലും ഏപ്രിലിൽ തന്നെ ചോദ്യപേപ്പർ ചോർന്നിരുന്നു. മനീഷ വാഗ്‌മാറെ വഴി സമിതിയിലെ അദ്ധ്യാപിക വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. അദ്ധ്യാപികയുടെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തി. പരീക്ഷയ്‌ക്ക് വരുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. അവ തന്നെയാണ് പരീക്ഷയ്‌ക്ക് വന്നതും. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടത്തി. നിർണായക രേഖകൾ, ലാപ്ടോപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ,മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം,എൻ.ടി.എ പിരിച്ചുവിടണമെന്ന് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
ഉദയ്പൂരിലെ ബി.ജെ.പി നേതാവായ ദിനേശ് ബിവാൽ,സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത മകൻ വികാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ദിനേശിന്റെ മകൻ റിഷിയെ സി.ബി.ഐ തെരയുകയാണ്. മകനു വേണ്ടി 10 ലക്ഷം രൂപ കൊടുത്താണ് ദിനേശ് ചോദ്യപേപ്പർ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |