'നീ ഒരു ഭ്രാന്തനാണ്, ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ': നെതന്യാഹുവിനോട് വഴക്കിട്ട് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്ക ഇറാനുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടെയാണ് ലെബനനിൽ കടുത്ത സൈനിക നടപടിയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത്. ഇതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് ശക്തമായ ഭാഷയിലാണ് വിമർശിച്ചതെന്നാണ് റിപ്പോർട്ട്.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ യുഎസുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഫോണിലൂടെ നെതന്യാഹുവിനെതിരെ ആഞ്ഞടിച്ചത്. ലെബനൻ തലസ്ഥാനത്ത് ബോംബ് വയ്ക്കുമെന്ന ഭീഷണി ലോകമെമ്പാടും ഇസ്രായേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിനെ ഒറ്റപ്പെടുന്നതിനൊപ്പം ഇറാനുമായുള്ള യുഎസ് നയതന്ത്ര ശ്രമങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നെതന്യാഹു ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. യുഎസിന്റെ അറിവോടെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം തുടങ്ങിയതെങ്കിലും അത് പരിധി വിട്ടതും സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ട്രംപിനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്.
നെതന്യാഹുവിനെ നന്ദികെട്ടവനെന്നും ഭ്രാന്തനെന്നും ട്രംപ് വിളിച്ചതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഴിമതി വിചാരണയ്ക്കിടെ ജയിലിലാകാതെ നെതന്യാഹുവിനെ രക്ഷിച്ചത് ട്രംപ് ആണെന്നും അതിന്റെ നന്ദി ഇല്ലെന്നും ട്രംപ് വിമർശിച്ചതായി മാദ്ധ്യമങ്ങൾ പറയുന്നു. 'നീ ഒരു ഭ്രാന്തനാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ. ഞാൻ നിന്നെ രക്ഷിക്കുകയാണ്. ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. ഇതുമൂലം എല്ലാവരും ഇസ്രായേലിനെ വെറുക്കുന്നു," ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് പറയുന്നു.