ഒരു വർഷത്തിനിടെ വെടിവച്ചിട്ടത് 757 അജ്ഞാത പേടകങ്ങളെ; വീഡിയോ പുറത്തുവിട്ട് പെന്റഗൺ

Saturday 23 May 2026 11:38 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ യുദ്ധവിമാനം വെടിവച്ചിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പെന്റഗൺ. രഹസ്യരേഖകൾ പരസ്യമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ഇന്റലിജൻസ് വിഭാഗം ഈ വീഡിയോ റിലീസ് ചെയ്തത്. വ്യോമസേനയുടെ അത്യാധുനിക എഫ്35 യുദ്ധവിമാനത്തിൽ നിന്നും മിസൈൽ തൊടുത്ത് അജ്ഞാത വസ്തുവിനെ തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുഎസ് പ്രതിരോധ വകുപ്പിന്റെ 'ഓൾഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ്' നൽകിയ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. 2023 മേയ് മുതൽ 2024 ജൂൺ വരെ കണ്ടെത്തിയ ഇത്തരത്തിലുള്ള 757 അജ്ഞാത വസ്തുക്കളുടെ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്.

കണ്ടെത്തിയ വസ്തുക്കളിൽ ഭൂരിഭാഗവും വെറും പക്ഷികളോ ബലൂണുകളോ കൃത്രിമ ഉപഗ്രഹങ്ങളോ മാത്രമായിരുന്നു. എന്നാൽ, ഇതിലെ 21 സംഭവങ്ങളുടെ നിഗൂഢത അഴിക്കാനാകാതെ പെന്റഗൺ ഇപ്പോഴും കുഴങ്ങുകയാണ്. ഈ പേടകങ്ങളുടെ പ്രത്യേക രൂപവും അവയുടെ അസാധാരണമായ വേഗതയും സഞ്ചാരരീതിയും ഭൂമിയിലെ സാധാരണ വിമാനങ്ങളുടേത് പോലെയല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. മുൻപ് ന്യൂയോർക്ക് നഗരത്തിന് മുകളിലൂടെ പറന്ന ഒരു യാത്രാവിമാനത്തിന് തൊട്ടരികിലായി സിലിണ്ടർ രൂപത്തിലുള്ള ഒരു അജ്ഞാത വസ്തു കാണപ്പെട്ടത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അജ്ഞാത പേടകത്തെ യുദ്ധവിമാനം തകർക്കുന്ന വീഡിയോയും പുറത്തു വന്നിരിക്കുന്നത്.

ഇവ അന്യഗ്രഹജീവികളാണെന്ന് സ്ഥാപിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് പെന്റഗൺ വ്യക്തമാക്കി. എങ്കിലും ഈ നിഗൂഢ പേടകങ്ങൾ വ്യോമയാന സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വെല്ലുവിളിയാണ്. മുൻകാലങ്ങളിൽ ഇത്തരം ആകാശ പ്രതിഭാസങ്ങളെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അമേരിക്കൻ സർക്കാരുകൾ, ഇപ്പോൾ നയം മാറ്റിയിരിക്കുകയാണ്. ജനങ്ങൾക്ക് തന്നെ ഈ ഔദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്യാനും സ്വന്തം നിലയിൽ അഭിപ്രായം രൂപീകരിക്കാനുമുള്ള സുതാര്യമായ അവസരമാണ് യുഎസ് പ്രതിരോധ വകുപ്പ് ഇപ്പോൾ നൽകിയിരിക്കുന്നത്.