അമേരിക്ക ഇറാൻ യുദ്ധം: രാസവളത്തിലെ യൂറിയയ്‌ക്ക് ക്ഷാമം, പകരം 'ഒന്നിൽ' മാർഗം കണ്ടെത്തി കർഷകർ

Friday 22 May 2026 12:47 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ലോകരാജ്യങ്ങളെ പലതരത്തിലാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിലവിൽ പാചകവാതക, ഇന്ധന ക്ഷാമം ഇല്ലെങ്കിലും ലോകവ്യാപാരത്തിലുണ്ടായ അനിശ്ചിതത്വം ഇവയുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സ്വർണവിലയിലും മാറ്റങ്ങളുണ്ട്. ഇവയ്‌ക്ക് പുറമേ ലോകമാകെയുള്ള കാർഷിക മേഖലയെയും യുദ്ധം ബാധിച്ചുവെന്നാണ് കണക്ക്. പരമ്പരാഗതമായ നൈട്രജൻ അടങ്ങിയ വളത്തിന് വിലയേറുകയും ക്ഷാമം നേരിടുകയും ചെയ്‌തതോടെ പ്രതിവിധി എന്താണെന്ന് തേടുകയാണ് കർഷകർ. നൈട്രജൻ വളത്തിലെ പ്രധാന വസ്‌തുവായ യൂറിയയ്‌ക്കും മുൻപെങ്ങുമില്ലാത്ത തരം വിലക്കയറ്റമുണ്ട്. കാരണം യൂറിയയുടെ മൂന്നിലൊന്നും വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.

ശരത്‌കാലത്ത് കൃഷിചെയ്യുന്ന പല വിളകൾക്കും ഇതോടെ യൂറോപ്പിലടക്കം വളം ലഭിക്കാത്ത അവസ്ഥ വന്നു. ഇത് ആഗോള ഭക്ഷ്യവിതരണത്തെ കാര്യമായി ബാധിക്കും. യൂറോപ്പിലെ പല കർഷകരും പരമ്പരാഗത വളങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ബദാം തോടും കരിയിലയും അങ്ങനെ പഴയകാല വളങ്ങളാണ് അവർ ഉപയോഗിക്കുന്നത്. ഇത് ആകെയുള്ള വിളവിനെ കുറയ്‌ക്കും എന്ന ആശങ്ക രാജ്യങ്ങൾക്കുണ്ട്.

ഇതിനിടെ പുതിയൊരു വളം പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് സ്റ്റാർട്ടപ്പായ ടൂപ്പി ഓർഗാനിക്‌സ്. മനുഷ്യന്റെ മൂത്രമാണ് വളമാക്കി ഇവർ മാറ്റുന്നത്. സ്‌കൂളുകളും മറ്റ് മനുഷ്യർ ഒത്തുകൂടുന്ന ചടങ്ങുകളിലും ഉണ്ടാകുന്ന മൂത്രം, ബാക്‌ടീരിയയ്‌ക്ക് നൽകി അവ ചെടികൾക്ക് വളരാനാവശ്യമായ മികച്ച വളമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് ടൂപ്പി ഓർഗാനിക്‌സ് തലവൻ ഫ്രാങ്കോയിസ് ജെറാർഡ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ വളത്തിന്റെ വിൽപന നാലിലൊന്ന് വർദ്ധിച്ചെന്നും ആവശ്യം പോലെ 'സാധനം' ലഭിക്കുന്നതിനാൽ ഈ മൂന്നുമാസവും ബിസിനസ് വിലക്കയറ്റം വരാതെ തുടർന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇറാനും അമേരിക്കയും പിന്മാറാത്തതിനാൽ ലോകമാകെ വിലക്കയറ്റത്തിന് സാദ്ധ്യതയുണ്ടെന്നതാണ് നിലവിലെ അവസ്ഥ. 45 മില്യൺ ജനങ്ങൾക്ക് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടേക്കാം എന്നാണ് യുഎൻ നൽകുന്ന മുന്നറിയിപ്പ്. മാസങ്ങൾക്ക് മുൻപുതന്നെ കർഷകർ പരിശ്രമം ആരംഭിക്കുന്നതിനാൽ 2027 വരെ ഈ പ്രയാസങ്ങൾ ഉണ്ടായേക്കാം.

രാസവളങ്ങൾക്ക് പകരം കൂടുതൽ കർഷകരും ഇപ്പോൾ ജൈവവളങ്ങളിലേക്ക് തിരിഞ്ഞുതുടങ്ങി. ജെവ വളങ്ങളുടെ ആവശ്യം ഏറി. മലേഷ്യയിൽ ഒരു വൻകിട‌ കന്നുകാലി വള‌ർത്തുന്ന ക‌ർഷകൻ കന്നുകാലി മാലിന്യങ്ങൾ പുഴുക്കൾക്ക് നൽകും. ഇത് പുഴുക്കളുടെ എണ്ണം വർദ്ധിക്കാനും അവ കാരണം പശുക്കൾ മേയുന്നയിടത്തെ പുല്ല് നന്നായി വളരാനും ഇടയായി. പ്രകൃതിദത്തമായ വളങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ടെങ്കിലും യുദ്ധാനന്തരം അവ ഈ സ്ഥിതി തുടരുമോ എന്നതാണ് അറിയേണ്ടത്.