മാലിദ്വീപ് കടലിനടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് പര്യവേഷകര്‍ക്ക് ദാരുണാന്ത്യം

Saturday 16 May 2026 12:43 PM IST

മാലി: മാലിദ്വീപിൽ കടലിനടിയിലെ ഗുഹയിൽ പര്യവേഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ക്ക് ദാരുണാന്ത്യം. മോണിക്ക മോണ്ടെഫാല്‍കോണ്‍, ജോര്‍ജിയ സോമാക്കല്‍, ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി, മുറിയല്‍ ഒഡെനിനോ, ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് മരിച്ചത്. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് പുറത്തെത്തിക്കാനായത്. മറ്റുള്ളവരുടെ മൃതദേഹം പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളി.

മാലിദ്വീപിന് സമീപം വാവു അറ്റോളിലെ 50 മീറ്റര്‍ ആഴത്തിലുള്ള സമുദ്ര ഗുഹയിൽ പര്യവേഷണം നടത്തുന്നതിനിടെയാണ് അപകടം. സമയം കഴിഞ്ഞിട്ടും സംഘം തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചതായി കണ്ടെത്തിയത്. ഡ്യൂക്ക് ഓഫ് യോക് എന്ന ബോട്ടിലാണ് ഇവര്‍ സമുദ്രത്തില്‍ സഞ്ചരിച്ചത്. ബോട്ടിന്റെ ഓപ്പറേഷൻ മാനേജറാണ് മരിച്ച അഞ്ചാമത്തെയാള്‍. ഇയാളുടെ മൃതദേഹം മാത്രമാണ് പുറത്തെത്തിക്കാനായത്.

വിവിധ സര്‍വകലാശാലകളിലായി ഗവേഷണം നടത്തുന്നവരാണ് മറ്റുള്ളവര്‍. വെള്ളിയാഴ്ച എട്ട് മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് കൂടുതല്‍ മുങ്ങൽ വിദഗ്ധര സ്ഥലത്തെത്തിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.