ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ബംഗ്ളാദേശിൽ മരിച്ച നിലയിൽ
ധാക്ക: ബംഗ്ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ബംഗ്ളാദേശ് മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഹൈക്കമ്മീഷനിലെ അസിസ്‌റ്റന്റ് പ്രോട്ടോകോൾ ഓഫീസറായ നരേൻ ധർ (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഛത്തോഗ്രാമിലെ പഴയ വിസ സെന്റർ ബിൽഡിംഗിൽ രണ്ടാമത്തെ ഫ്‌ളോറിൽ ഡാറ്റ എൻട്രി റൂമിനോട് ചേർന്നുള്ള ടോയ്‌ലറ്റിന്റെ മുന്നിലാണ് കണ്ടത്. ഇന്ത്യയുടെ നാല് ഹൈക്കമ്മീഷൻ ഓഫീസുകളാണ് ബംഗ്ളാദേശിൽ ഉള്ളത്. ഛത്തോഗ്രാം, ഖുൽന, രാജ്‌ഷാഹി,സിൽഹെറ്റ്.
ഛത്തോഗ്രാം മെട്രോപൊളിറ്റൻ പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് എംബസി അധികൃതർക്ക് നരേൻ ധറിൽ നിന്നും ഏറെനേരം ഒരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ അവർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഛത്തോഗ്രാം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടത്തും. ഇൻക്വസ്‌റ്റിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. എന്നാൽ യഥാർത്ഥ മരണകാരണം കണ്ടെത്താൻ സാധിച്ചില്ല.