ഇറാനുമായുള്ള സമാധാനക്കരാറിൽ അന്തിമ തീരുമാനം ഉടൻ; വൈറ്റ് ഹൗസിൽ നിർണായക യോഗമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാനക്കരാറിൽ ഏർപ്പെടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ച ദീർഘമായ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും തുറന്നുനൽകണമെന്നും ട്രംപ് വ്യവസ്ഥയായി മുന്നോട്ട് വച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ (കടൽ ബോംബുകൾ) ഇറാൻ ഉടനടി നീക്കം ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കുമെന്നും, ഇതോടെ എണ്ണ ടാങ്കറുകൾ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്നും ട്രംപ് പ്രസ്താവനയിൽ സൂചിപ്പിച്ചു. എന്നാൽ, ട്രംപിന്റെ നിബന്ധനകളോട് ഇറാൻ ഔദ്യോഗികമായി യോജിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും യുഎസ് പ്രസിഡന്റിന്റെ അന്തിമ തീരുമാനത്തിന് മുന്നോടിയായി അമേരിക്കൻ ഉപരോധം യഥാർത്ഥത്തിൽ നീക്കിയിട്ടുണ്ടോ എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
11 മാസങ്ങൾക്ക് മുൻപ് യുഎസിന്റെ കരുത്തുറ്റ ബി2 ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ തകർന്നടിഞ്ഞ മലനിരകൾക്ക് താഴെ ഇറാന്റെ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. തകർന്ന മലനിരകൾക്കിടയിൽ നിന്ന് ഇത് സുരക്ഷിതമായി പുറത്തെടുക്കാൻ ആധുനിക യാന്ത്രിക ശേഷിയുള്ളത് അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ ഇരുരാജ്യങ്ങളും ചേർന്ന് ഇത് പൂർണ്ണമായി നശിപ്പിക്കും. ഈ പ്രക്രിയകൾക്ക് നിലവിൽ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തിച്ചേരുന്നതിനായി വൈറ്റ് ഹൗസിലെ അതിസുരക്ഷാ യോഗം ചേരുന്ന 'സിറ്റുവേഷൻ റൂമിൽ' തന്റെ നയതന്ത്ര ഉപദേശകരുമായി ട്രംപ് കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്.