രണ്ട് മാസത്തെ വീട്ടുവാടക നൽകാതെ യുവതി സ്ഥലംവിട്ടു, മുറി തുറന്നപ്പോൾ ദുർഗന്ധം; പട്ടിണിക്കിട്ട വളർത്തുനായയെ രക്ഷപ്പെടുത്തി

Thursday 28 May 2026 3:13 PM IST

ബെയ്‌ജിംഗ്: രണ്ട് മാസത്തെ വീട്ടുവാടക നൽകാതെ യുവതി മുങ്ങിയതിനെ തുടർന്ന് അപ്പാർട്ട്‌മെന്റിൽ അന്വേഷിച്ച് എത്തിയ പ്രോപ്പർട്ടി ഏജന്റ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാലിന്യങ്ങൾക്കിടയിൽ യുവതി തന്റെ വളർത്തുനായയെ പട്ടിണിക്കിട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു ഏജന്റും അപാർ‌ട്ട്മെന്റ് ജീവനക്കാരും കണ്ടത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ ഗുവാംഗ്ഷി ഷുവാംഗിലാണ് സംഭവം. യുവതി വാടക നൽകാതാവുകയും വീട്ടുടമസ്ഥനെ യാതൊരുവിധത്തിലും ബന്ധപ്പെടാൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പ്രോപ്പർട്ടി ഏജന്റും ജീവനക്കാരും ഫ്ളാറ്റിൽ പരിശോധനയ്ക്ക് എത്തിയത്.

അപ്പാർട്ട്‌മെന്റിന്റെ വാതിൽ തുറന്ന ജീവനക്കാർക്ക് അകത്തേക്ക് കയറാൻ പോലും സാധിക്കാത്ത വിധം കടുത്ത ദുർഗന്ധമായിരുന്നു. ചീഞ്ഞഴുകിയ ഭക്ഷണാവശിഷ്ടങ്ങളും, മൃഗങ്ങളുടെ മലമൂത്രവിസർജ്യങ്ങളും, മാലിന്യക്കൂമ്പാരവും നിറഞ്ഞ മുറിക്കുള്ളിൽ അതിദാരുണ അവസ്ഥയിലായിരുന്നു വളർത്തുനായ കാണപ്പെട്ടത്.

എവിടെ നോക്കിയാലും മാലിന്യങ്ങൾ മാത്രം. കാലുകുത്താൻ പോലും ഒരിടമില്ല. പുറമേ നിന്ന് നോക്കുമ്പോൾ അതിസുന്ദരിയായി വസ്ത്രം ധരിച്ചാണ് യുവതി പുറത്തിറങ്ങുന്നത്. ഒരു നായക്കൂടിനേക്കാൾ മോശമായ സാഹചര്യത്തിലാണ് അപാർട്മെന്റിനകം. യുവതി ഇവിടെയാണ് ജീവിച്ചിരുന്നതെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ഏജന്റ് പറയുന്നത്. യുവതിയുടെ പക്കൽ നിന്നും ഒരു മാസത്തെ വാടക അഡ്വാൻസായി വാങ്ങിയിട്ടുണ്ടെങ്കിലും, ഈ മുറി വൃത്തിയാക്കിയെടുക്കാൻ ആ തുകയൊന്നും മതിയാകില്ലെന്നും ഏജന്റ കൂട്ടിച്ചേർത്തു.

ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കാതെ ദിവസങ്ങളോളം എല്ലും തോലുമായി അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞിരുന്ന നായയെ മൃഗക്ഷേമ പ്രവർത്തകർ ഏറ്റെടുത്തു. അതേസമയം, ഒളിവിൽ പോയ യുവതിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കുടിശ്ശിക വാടക ഈടാക്കുന്നതിനായി വീട്ടുടമസ്ഥൻ നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.