ഒമാൻ തീരത്ത് ഡ്രോൺ ആക്രമണം, ഇന്ത്യൻ പതാക വഹിച്ച കപ്പൽ മുങ്ങി

Friday 15 May 2026 1:24 AM IST

അപലപിച്ച് വിദേശകാര്യ മന്ത്രാലയം

 14 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്കറ്റ്: ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ഹാജി അലി എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി.സംഭവത്തിൽ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും അപലപനീയമാണെന്നും അറിയിച്ചു.

ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം.സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.ആരാണ് പിന്നിലെന്ന് വ്യക്തമല്ല.അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ കപ്പലിന് തീപിടിക്കുകയും മുങ്ങിത്താഴുകയുമായിരുന്നു. ജീവനക്കാർ ലൈഫ് ബോട്ടുകളിലേക്ക് മാറിയതോടെ വൻ ദുരന്തം ഒഴിവായി. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ-യു.എസ് സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.

ഹോർമുസ് കടന്ന്

ഇന്ത്യൻ കപ്പലുകൾ

ഇന്ത്യയിലേക്കുള്ള രണ്ട് എൽ.പി.ജി ടാങ്കറുകൾ ഹോർമുസ് കടന്നു. സിമി എന്ന എൽ.പി.ജി ടാങ്കറും എൻ.വി സൺഷൈൻ എന്ന കപ്പലുമാണ് കടന്നത്. രണ്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഹോ‌ർമുസ് കടക്കുന്ന 13-ാമത്തെ ഇന്ത്യൻ കപ്പലാണിത്.