നാറ്റോ ഉച്ചകോടിയിലേക്ക് ഗൾഫ് രാജ്യങ്ങൾക്ക് ക്ഷണം

Friday 15 May 2026 2:19 AM IST

മനാമ: ജൂലായിൽ തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ (NATO) ഉച്ചകോടിയിലേക്ക് ബഹ്റിൻ ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളെ ക്ഷണിക്കാൻ നീക്കം. കുവൈറ്റ്, ഖത്തർ, യു.എ.ഇ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.ജൂലായ് 7, 8 തീയതികളിലാണ് ഉച്ചകോടി. നാറ്റോയുടെ 'ഇസ്താംബുൾ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ്' പദ്ധതിയിൽ അംഗങ്ങളായ ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാകും പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട്. ഇറാനുമായുള്ള സംഘർഷ സാധ്യതകളും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് നാറ്റോയുടെ തെക്കൻ മേഖലയിലെ സഖ്യം ശക്തമാക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ.ട്രംപിന്റെ സൗകര്യാർത്ഥം പരിമിതമായ സെഷനുകളായിട്ടാണ് ഇത്തവണത്തെ ഉച്ചകോടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹോർമൂസിൽ പ്രതിരോധ സന്നാഹങ്ങൾ വിന്യസിക്കും

അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടൻ അത്യാധുനിക പ്രതിരോധ സന്നാഹങ്ങൾ വിന്യസിക്കും. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, ടൈഫൂൺ യുദ്ധവിമാനങ്ങൾ, മൈൻ വേട്ടയ്ക്കുള്ള ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ദൗത്യത്തിനായി 115 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 58 ദശലക്ഷം ബഹ്റിൻ ദിനാർ) അധിക സഹായവും ബ്രിട്ടൻ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച സ്വീഡനിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഉച്ചകോടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും.