ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

Saturday 16 May 2026 1:46 AM IST

വാഷിംഗ്ടൺ:ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഒരു കരാറിന് തയ്യാറാവണെമെന്നും അല്ലെങ്കിൽ 'ഉന്മൂലനം' ചെയ്യപ്പെടുമെന്നും യു.എസ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.ഇറാൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് വീണ്ടും ഇക്കാര്യം ആവർത്തിക്കുന്നത്. ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കണമെന്ന് ചൈന ആഗ്രഹിക്കുന്നുവെന്ന് യു.എസ് വ്യാപാര മേധാവി ജാമിസൺ ഗ്രീർ പറഞ്ഞു.നിയന്ത്രണങ്ങളോ ടോളുകളോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഇറാൻ പ്രായോഗികമായി പ്രവർത്തിക്കുമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നുവെന്ന് ഗ്രീർ പറഞ്ഞു.ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്നും ഖാർഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളിൽ നിർവീര്യമാക്കാൻ യു.എസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇറാന്റെ വ്യോമസേനയെയും കപ്പൽപടയെയും യു.എസ് സേന നിർവീര്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയിംഗ് വാങ്ങാൻ ചൈന സമ്മതിച്ചത് കൂടാതെ യു.എസിൽ നിന്ന് എണ്ണയും കാർഷിക ഉത്പന്നങ്ങൾ വാങ്ങാനുള്ള താത്പര്യവും ചൈന അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.