ഷീയുമായുള്ള കൂടിക്കാഴ്ച വിജയം ധാരാളം പ്രശ്നങ്ങൾ പരിഹരിച്ചു: ട്രംപ്
ചൈന ഇറാന് സഹായം നൽകില്ലെന്ന് ട്രംപ്
200 ബോയിംഗ് വിമാനങ്ങൾ വാങ്ങും
ബീജിംഗ്: വ്യാപാരം, ഇറാൻ, എണ്ണ, തായ്‌വാൻ, ഹോർമുസ് തുടങ്ങി നിർണായക വിഷയങ്ങളിൽ ചർച്ച നടത്തിയശേഷം
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിൽ നിന്ന് മടങ്ങി. ധാരാളം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറഞ്ഞ ട്രംപ്, അവിസ്മരണീയമായ കൂടിക്കഴ്ചയായിരുന്നെന്നും വ്യക്തമാക്കി. കരാറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും കൂടിക്കാഴ്ച വിജയമാണെന്നും ചരിത്രപരമാണെന്നും ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പ്രതികരിച്ചു. ഇരുരാജ്യങ്ങളും വ്യാപാര മുന്നേറ്റങ്ങളോ പ്രധാനപ്പെട്ട കരാറുകളോ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം യു.എസിനെതിരായ യുദ്ധത്തിൽ ഇറാന് സൈനികസഹായം നൽകില്ലെന്നും ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സഹായങ്ങൾ ചൈന വാഗ്ദാനം ചെയ്തതായും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തായ്‌വാൻ വിഷയത്തിൽ ട്രംപിന് ഷീ മുന്നറിയിപ്പ് നൽകിയിരുന്നു.
വൻ വ്യാപാര കരാർ യു.എസ് കമ്പനിയായ ബോയിംഗിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി ട്രംപ് പറയുന്നു. തിരികെയുള്ള യാത്രയ്ക്കിടെ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ഒരു പതിറ്റാണ്ടിനിടയിൽ യു.എസ് നിർമ്മിത വാണിജ്യ വിമാനങ്ങൾക്കായി ചൈന നൽകുന്ന ഏറ്റവും വലിയ ഓർഡറുകളിലൊന്നാണിത്. ചർച്ചകൾക്ക് പിന്തുണയുമായി ബോയിംഗ് സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗും യു.എസ് പ്രതിനിധി സംഘത്തോടൊപ്പം ചൈനയിൽ എത്തിയിരുന്നു. കരാർ സംബന്ധിച്ച് ബോയിംഗോ ചൈനീസ് എയർലൈനുകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറക്കുന്നതിനായി യു.എസിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളും ഊർജ്ജ സംഭരണികളും വൻതോതിൽ വാങ്ങാമെന്നും ചൈന സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വ്യാപാര യുദ്ധങ്ങൾക്കിടയിലും വലിയൊരു കരാറുണ്ടാക്കാനായത് ട്രംപിന്റെ നയതന്ത്ര വിജയമായിട്ടാണ് വൈറ്റ് ഹൗസ് കാണുന്നത്. വാർത്തക്ക് പിന്നാലെ ബോയിംഗിന്റെ ഓഹരി വില 4 മുതൽ 5 ശതമാനം വരെ ഇടിഞ്ഞു.