ക്യൂബ സുരക്ഷാ ഭീഷണിയെന്ന് യു.എസ്
ഹവാന: ക്യൂബ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ക്യൂബയുമായി സമാധാനപരമായ നയതന്ത്ര കരാറിലെത്താനുള്ള സാദ്ധ്യത നിലവിൽ വിദൂരമാണെന്നും പറഞ്ഞു. ' റഷ്യൻ, ചൈനീസ് ഇന്റലിജൻസ് സാന്നിദ്ധ്യം ക്യൂബയിലുണ്ട്. യു.എസ് തീരത്തുനിന്ന് 90 മൈൽ അകലെയാണിത്. റഷ്യൻ, ചൈനീസ് ആയുധങ്ങളും ക്യൂബൻ സർക്കാരിന്റെ കൈവശമുണ്ട്. മേഖലയിലെ ഭീകരവാദത്തിന്റെ മുൻനിര സ്‌പോൺസർമാരിൽ ഒന്നാണ് ക്യൂബ. ക്യൂബ തകർന്നുകൊണ്ടിരിക്കുകയാണെന്നും യു.എസിന്റെ ശത്രുക്കളുടെ സുഹൃത്തുക്കളാണ് നിലവിൽ അവിടം ഭരിക്കുന്നതെന്നും റൂബിയോ അവകാശപ്പെട്ടു. യു.എസിലേക്ക് കുടിയേറിയ ക്യൂബൻ വംശജരുടെ മകനാണ് റൂബിയോ.
വെനസ്വേലയ്ക്ക് പിന്നാലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള യു.എസിന്റെ സൈനിക നടപടി ക്യൂബയ്ക്കെതിരെയുണ്ടാകുമോ എന്ന ആശങ്കകൾ ശക്തമാകവെയാണ് പ്രതികരണം. യു.എസ് ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയതും നാവിക സന്നാഹത്തെ കരീബിയൻ കടലിൽ വിന്യസിച്ചതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടുന്നു.
# ജനം തെരുവിൽ
ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസിയ്ക്ക് മുന്നിൽ ആയിരങ്ങൾ പ്രതിഷേധവുമായി അണിനിരന്നു. ഊർജ്ജ ഉപരോധം ഏർപ്പെടുത്തി ജനങ്ങളെ മുഴുവൻ യു.എസ് ശിക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധ മേഖലകളിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാർക്ക് യു.എസ് മുന്നറിയിപ്പ് നൽകി.
# ക്യൂബ സമാധാന രാജ്യമാണ്. യു.എസിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചിട്ടില്ല. ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം നിയമ വിരുദ്ധമായ സൈനിക അധിനിവേശമാണ്. അതിനായി അവർ നുണകൾ കെട്ടിച്ചമയ്ക്കുന്നു.
- ബ്രൂണോ റൊഡ്രിഗ്വസ്,
വിദേശകാര്യ മന്ത്രി, ക്യൂബ
# 22 മണിക്കൂർ
ഇരുട്ടിൽ
ഊർജ്ജ ക്ഷാമം മൂലം പ്രതിദിനം 22 മണിക്കൂർ വരെ പവർക്കട്ടാണ് ക്യൂബയിൽ. ക്യൂബയ്ക്ക് എണ്ണ നൽകുന്ന ടാങ്കറുകൾക്കും അന്താരാഷ്ട്ര വിതരണക്കാർക്കും ഭീമൻ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നു. അതേസമയം ക്യൂബയിലെ ഊർജ്ജ പ്രതിസന്ധിയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
പൂർണമായും കാലഹരണപ്പെട്ട തെർമോ ഇലക്ട്രിക് സംവിധാനം, അറ്റകുറ്റപ്പണികളുടെ അഭാവം, സാമ്പത്തിക തകർച്ച എന്നിവയും കാരണങ്ങളാണ്.