തുൾസി ഗബ്ബാർഡ് രാജിവച്ചു
Saturday 23 May 2026 7:38 AM IST
വാഷിംഗ്ടൺ: യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് രാജിവച്ചു. ഭർത്താവ് എബ്രഹാം വില്യംസിന് അസ്ഥിയെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ സ്ഥിരീകരിച്ചെന്നും അദ്ദേഹത്തിന് പിന്തുണ നൽകാനായി സ്ഥാനം ഒഴിയുകയാണെന്നും തുൾസി അറിയിച്ചു. ജൂൺ 30 വരെ തുൾസി പദവിയിൽ തുടരും. ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസിന് ആക്ടിംഗ് ചുമതല നൽകി. സി.ഐ.എ അടക്കം യു.എസിന്റെ 18 ഇന്റലിജൻസ് ഏജൻസികളുടെയും ചുമതല തുൾസിക്കായിരുന്നു.
യു.എസ് കോൺഗ്രസ് അംഗമായ ആദ്യ ഹിന്ദു വിശ്വാസിയാണ് തുൾസി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയായിരുന്നു. 2020ൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫ്രീലാൻസ് ഛായാഗ്രാഹകനും എഡിറ്ററുമാണ് എബ്രഹാം വില്യംസ്. 2015ലാണ് തുൾസിയും എബ്രഹാമും വിവാഹിതരായത്.