ജീവന്റെ തുടിപ്പുതേടി...

Wednesday 27 May 2026 7:39 AM IST

 ലാവോസിൽ ഗുഹയിൽ കുടുങ്ങിയത് 7 പേർ  പ്രളയജലത്തിൽ മുങ്ങി ഗുഹ  സങ്കീർണ രക്ഷാപ്രവർത്തനം

വിയന്റിയൻ: ഏഴ് മനുഷ്യർ,​ ആറ് ദിവസം... കഴിഞ്ഞ 20ന് ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഒരു ഇരുണ്ട ഗുഹയിലേക്ക് കയറിയ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. ഗുഹയിൽ അകപ്പെട്ട ഗ്രാമീണരെ രക്ഷിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ് അധികൃതർ. സ്വർണ നിക്ഷേപം തെരയാൻ എട്ട് പേരടങ്ങുന്ന ഖനി തൊഴിലാളി സംഘമാണ് ഗുഹയിൽ കടന്നത്. ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായതോടെ ഗുഹാമുഖം അടഞ്ഞുപോവുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ഒരാൾ സാഹസികമായി നീന്തി പുറത്തുകടന്നതിനാൽ വിവരം പുറംലോകമറിഞ്ഞു.

അന്താരാഷ്ട്ര വിദഗ്ദ്ധരുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ രക്ഷാദൗത്യം തുടരുകയാണ്. 2018ൽ തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയിൽ സാഹസിക ദൗത്യം നടത്തി ലോകശ്രദ്ധനേടിയ ഡൈവർമാരും കൂട്ടത്തിലുണ്ട്. അന്ന് ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളെയും 25കാരനായ പരിശീലകനെയും 18 ദിവസത്തിന് ശേഷം ഇവർ രക്ഷപ്പെടുത്തുകയായിരുന്നു.

# അപകടം നടന്നത് -

തലസ്ഥാനമായ വിയന്റിയനിൽ നിന്ന് ഏകദേശം 125 കി.മീറ്റർ അകലെ വിദൂര പർവ്വത പ്രദേശത്ത്

# നെഞ്ചിടിപ്പോടെ ലോകം

ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഭൂനിരപ്പിൽ നിന്ന് 100 മീറ്ററിലേറെ ആഴത്തിലുള്ള വായു സാന്നിദ്ധ്യമുള്ള ഭാഗത്ത് ഇവർ ജീവനോടെയുണ്ടാകാമെന്ന് പ്രതീക്ഷ. ഈ സ്ഥാനത്തിന് 20 മീറ്റർ വരെ അടുത്തേക്ക് രക്ഷാ സംഘത്തിനെത്താനായി

 ഗുഹയ്ക്കുള്ളിലെ ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും ചെളിയും വെല്ലുവിളി. ഗുഹയിലേക്കുള്ള ഇടുങ്ങിയ പാതയുടെ വീതി 60 സെന്റീമീറ്റർ വരെ മാത്രം

 വെള്ളം പമ്പുചെയ്ത് കളഞ്ഞും ചെളിയും കല്ലും നീക്കിയും മുങ്ങൽ വിദഗ്ദ്ധർ നീങ്ങുന്നു