സമാധാനം തുലാസിൽ: ഇറാനിൽ യു.എസ് ആക്രമണം
4 സൈനികർ കൊല്ലപ്പെട്ടു തിരിച്ചടിക്കുമെന്ന് ഇറാൻ
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച പുരോഗമിക്കവേ ഇറാനെതിരെ ആക്രമണം നടത്തി യു.എസ്. നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ബന്ദർ അബ്ബാസ് അടക്കം ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങളിൽ മിസൈലാക്രമണമുണ്ടായി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം പ്രതികരിച്ചു. ഹോർമുസിൽ മൈൻ സ്ഥാപിക്കുന്ന സ്പീഡ് ബോട്ടുകളെയും തകർത്തു.
സമാധാന ചർച്ചയുടെ ഭാഗമായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെ നേതൃത്വത്തിലെ ഇറാൻ സംഘം ഖത്തറിലെ ദോഹയിലെത്തിയ പിന്നാലെയാണ് ആക്രമണം. അതേസമയം യു.എസിന്റേത് വെടിനിറുത്തൽ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രതികരിച്ചു. തങ്ങളുടെ വ്യോമപാത കടന്ന യു.എസിന്റെ എം.ക്യു - 9 റീപ്പർ ഡ്രോൺ തകർത്തെന്നും എഫ് - 35 ജെറ്റിനെ തുരത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.
ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തുമോയെന്ന് ആശങ്കയുണ്ട്. ഏപ്രിൽ 8ന് നിലവിൽ വന്ന ഇറാൻ-യു.എസ് വെടിനിറുത്തൽ തുടരുകയാണെങ്കിലും ഏതുനിമിഷവും യുദ്ധം പുനരാരംഭിച്ചേക്കാമെന്നാണ് ഭീതി.
2400 കോടി
വേണമെന്ന് ഇറാൻ
യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല കരാറിന്റെ ഭാഗമായി, വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട 2400 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകണമെന്ന് ഇറാൻ. ഇതിന്റെ പകുതി കരാറിൽ ഒപ്പിട്ടാൽ ഉടൻ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടു. വെടിനിറുത്തൽ 60 ദിവസത്തേക്ക് നീട്ടി, അതിനുള്ളിൽ ഹോർമുസ് തുറക്കാനും ആണവ വിഷയത്തിൽ ധാരണയിലെത്താനുമാണ് ഇടക്കാല കരാർ. അതേസമയം ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യു.എസിന് നൽകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.
എബ്രഹാം ഉടമ്പടി
അംഗീകരിക്കില്ല : പാകിസ്ഥാൻ
ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള 'എബ്രഹാം ഉടമ്പടി' അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇറാൻ യുദ്ധം അവസാനിച്ചാൽ, പാകിസ്ഥാനും സൗദിയും അടക്കമുള്ള അറബ്, മുസ്ലിം രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചിരുന്നു.