ലെബനനിൽ ആക്രമണം രൂക്ഷം: പിന്നോട്ടില്ലെന്ന് ഇസ്രയേൽ

Tuesday 02 June 2026 7:27 AM IST

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ തുടരുന്ന കര ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേൽ. ബെയ്റൂട്ടിലെ ദാഹിയേയിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു. തെക്കൻ ലെബനനിലെ നബാത്തിയേയ്ക്ക് സമീപമുള്ള തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രയേൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. 26 വർഷത്തിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. ബോഫോർട്ട് കോട്ടയിൽ ഇസ്രയേൽ പതാക സ്ഥാപിച്ചു. ഉയരമേറിയ പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന 900 വർഷം പഴക്കമുള്ള കോട്ടയിലൂടെ ഹിസ്ബുള്ള നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഇസ്രയേലിന് കഴിയും. അതേ സമയം, ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,430 കടന്നു. ഇസ്രയേൽ നടപടിയെ അപലപിച്ച് ഫ്രാൻസ് അടക്കം രംഗത്തെത്തി.

# കുവൈറ്റിൽ ആക്രമണം

തെക്കൻ ഇറാനിലെ ഗൊരുക്, ഖേഷം ദ്വീപുകളിലെ സൈനിക റഡാർ, ഡ്രോൺ കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം നടത്തി. തങ്ങളുടെ ഡ്രോണിനെ കഴിഞ്ഞ ദിവസം വെടിവച്ചിട്ടതിനുള്ള പ്രതികരണമാണിതെന്ന് യു.എസ് പറഞ്ഞു. പിന്നാലെ ഇന്നലെ പുലർച്ചെ കുവൈറ്റിലെ യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും ചെറുത്തു. ആളപായമില്ല.

# അഭ്യൂഹം തള്ളി ഇറാൻ

പ്രസിഡന്റ് മസൂദ് പെസ‌ഷ്‌കിയാൻ രാജിയ്ക്ക് ഒരുങ്ങുകയാണെന്ന റിപ്പോർട്ട് തള്ളി ഇറാൻ. സൈന്യവുമായുള്ള ഭിന്നത മൂലം പെസ‌ഷ്‌കിയാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് പ്രചരിച്ചത്. രാജ്യത്തിന്റെ ഐക്യം തകർക്കാനായി വിദേശ മാദ്ധ്യമങ്ങൾ രൂപകല്പന ചെയ്ത വ്യാജ വാർത്തയാണിതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.