30 വയസെന്ന് വാദം: നൈജീരിയൻ രാഷ്ട്രീയക്കാരെ പറ്റിച്ച് കുട്ടി നേതാവ്

Tuesday 02 June 2026 7:36 AM IST

അബുജ: മഹ്‌മൂദ് സാദിസ് ബൂബ...നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നുള്ള ഈ രാഷ്ട്രീയക്കാരൻ ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. കണ്ടാൽ ഒരു കൊച്ചുകുട്ടിയെ പോലെ തോന്നും. പക്ഷേ, തനിക്ക് 30 വയസുണ്ടെന്നാണ് ബൂബയുടെ അവകാശവാദം. !

അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് (എ.പി.സി) പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തെത്തിയതോടെയാണ് ബൂബ ചർച്ചയായത്. ബൂബ പാർട്ടിയിലെ ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി. പാർട്ടിക്ക് വേണ്ടി പ്രാദേശിക തലത്തിൽ ആളുകളെ കൂട്ടി പ്രചാരണം ശക്തമാക്കി.

എന്നാൽ ബൂബയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് നിരവധി പേർക്ക് രംഗത്തെത്തി. തനിക്ക് പാരമ്പര്യമായി ലഭിച്ച ശാരീരികാവസ്ഥ (ഡ്വാർഫിസം)​ മൂലമാണ് ഉയരംകുറഞ്ഞ് കൊച്ചുകുട്ടിയെ പോലെ തോന്നിക്കുന്നതെന്നും,​ ഇത് തന്റെ നേതൃപരമായ കഴിവുകളെ ബാധിക്കില്ലെന്നും ബൂബ അവകാശപ്പെട്ടു.

പ്രചാരണവുമായി മുന്നോട്ടുനീങ്ങുന്നതിനിടെ ബൂബയുടെ പാസ്‌പോർട്ടിന്റെ കോപ്പി പുറത്തായതോടെ കഥമാറി. ബൂബയുടെ ശരിക്കുമുള്ള ജനന തീയതി 2010 ആഗസ്റ്റ് 27 ആണ്. അതായത്, 15 വയസ് ! സംഭവം വിവാദമായി. ബൂബയോ അധികൃതരോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചില്ല. എന്നാൽ കഴിഞ്ഞ മാസം മത്സരത്തിൽ നിന്ന് പിന്മാറി ബൂബ തലയൂരി.

പാർട്ടിയുടെ താത്പര്യം മുൻനിറുത്തി പിന്മാറുന്നെന്നാണ് പറഞ്ഞത്. പാർട്ടി ബൂബയെ പുറത്താക്കിയതാണെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ശരി, രാജ്യത്തെ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾ അടങ്ങിയിട്ടില്ല.