നിർണായക ധാതുക്കൾ: ഇന്ത്യ-മ്യാൻമാർ സഹകരണം
ന്യൂഡൽഹി: നിർണായക ധാതുക്കളുമായി ബന്ധപ്പെട്ടുള്ള തന്ത്രപരമായ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും മ്യാൻമറും ധാരണയിലെത്തി. സൈനിക സഹകരണം വർദ്ധിപ്പിക്കാനും മ്യാൻമർ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലെയ്‌ങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ‌്ചയിൽ തീരുമാനമായി.
മ്യാൻമാർ സൈന്യത്തിന് ഇന്ത്യ തുടർന്നും പരിശീലനം നൽകും. അവരുടെ സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ഇന്ത്യ സഹായിക്കും. യു.എൻ സമാധാന പരിപാലനത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് വിദേശകാര്യ സെക്രാറി വിക്രം മിസ്രി അറിയിച്ചു. അതിർത്തി രാജ്യമെന്ന നിലയിൽ സഹകരണം ഇന്ത്യയ്‌ക്ക് നിർണായകമാണ്. ഇരു രാജ്യങ്ങളും 1,643 കിലോമീറ്റർ അതിർത്തി പങ്കിടുന്നു
വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, വികസന പങ്കാളിത്തം, എന്നിവയിലെ സഹകരണവും വർദ്ധിപ്പിക്കും. കലാദൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പദ്ധതി, ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ എന്നിവയും ചർച്ചയായി. മ്യാൻമർ വിദ്യാർത്ഥികൾക്കുള്ള മെകോംഗ് ഗംഗ ഐ.സി.സി.ആർ സ്കോളർഷിപ്പ് 36 ൽ നിന്ന് 100 ആയി ഉയർത്തും
ഇന്ത്യ മ്യാൻമറിന്റെ വിശ്വസ്ത അയൽക്കാരനും പങ്കാളിയും പ്രതിസന്ധികളിൽ ആദ്യ പ്രതികരണം നടത്തുന്ന രാജ്യവുമാണെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. രാഷ്‌ട്രപതി ദ്രൗപതി മുർമു, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും മ്യാൻമർ പ്രസിഡന്റ് കൂടിക്കാഴ്‌ച നടത്തി.