മദ്യപാനത്തിനിടെ തർക്കം; 13കാരനെ സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്ന് മൃതദേഹം കുഴിച്ചുമൂടി; നടുക്കുന്ന ക്രൂരത
കോയമ്പത്തൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 13കാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. ഇക്കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഇരുഗൂർ സ്വദേശിയായ ആൺകുട്ടിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്ന് വിജനമായ തോടിന് സമീപം മീൻ പിടിക്കാൻ പോയതായിരുന്നു. ഇവിടെ വച്ച് മൂവരും ചേർന്ന് മദ്യം കഴിച്ചു. മദ്യലഹരിയിലായിരുന്ന കുട്ടികൾ തമ്മിൽ പെട്ടെന്ന് വാക്കേറ്റമുണ്ടാകുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടയിൽ കൊല്ലപ്പെട്ട കുട്ടി കൈയിലിരുന്ന മദ്യക്കുപ്പി ഉപയോഗിച്ച് കൂട്ടത്തിലുള്ള ഒരാളുടെ തലയ്ക്കടിച്ചു. ഇതോടെ പ്രകോപിതരായ മറ്റ് രണ്ട് കുട്ടികളും ചേർന്ന് പ്രത്യാക്രമണം നടത്തി. ക്രൂരമായ മർദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
സുഹൃത്ത് മരിച്ചുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായ കുട്ടികൾ, പിടിയിലാകുമെന്ന ഭയം കൊണ്ട് മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടി വീട്ടലേക്ക് മടങ്ങി. രാത്രിയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സുഹൃത്തുക്കളെ കണ്ടെത്തിയത്. തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടികൾ കുറ്റം സമ്മതിച്ചു.
പ്രതികൾ കാട്ടിക്കൊടുത്ത സ്ഥലത്തുനിന്നും പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രതികളായ രണ്ട് പേരും പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ബാറുകളിൽ നിന്നോ അല്ലാതെയോ മദ്യം എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതേസമയം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.